സില്‍വര്‍ ലൈന്‍ പദ്ധതി: കെ റെയിലിന്റെ വാദങ്ങള്‍ പൊളിയുന്നു
NewsKerala

സില്‍വര്‍ ലൈന്‍ പദ്ധതി: കെ റെയിലിന്റെ വാദങ്ങള്‍ പൊളിയുന്നു

കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈന്‍ പ്രൊജക്ട് സംബന്ധിച്ച് കെ റെയില്‍ ഉയര്‍ത്തിയ വാദങ്ങള്‍ പൊളിയുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കെ റെയില്‍ അധികൃതര്‍ ഇപ്പോഴും അവകാശപ്പെടുന്നുണ്ട്. എന്നാല്‍ നിലവിലെ അലൈന്‍മെന്റില്‍ പദ്ധതിക്ക് അംഗീകാരം നല്‍കാനാവില്ലെന്നും പുതിയ പദ്ധതിരേഖ സമര്‍പ്പിക്കണമെന്നുമാണ് റെയില്‍വേ ബോര്‍ഡ് കെ റെയിലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

റെയില്‍വെ ബോര്‍ഡിന് മുന്നില്‍ കെ റെയില്‍ സമര്‍പ്പിച്ച പദ്ധതി ചിലവുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ഏറെയും പിഴവുകളാണ്. പദ്ധതി ലാഭകരമാവുമോ എന്ന കാര്യത്തില്‍ കെ റെയിലിന് തന്നെ വ്യക്തതയുമില്ല. യാത്രക്കാരുടെ എണ്ണം പെരുപ്പിച്ച് കാണിച്ചിട്ടുണ്ടെങ്കിലും അത് വിശ്വാസത്തിലെടുക്കാന്‍ റെയില്‍വേ ബോര്‍ഡ് തയാറായില്ല. ഡിപിആര്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന് പലതവണ റെയില്‍വേ ബോര്‍ഡ് കെ റെയിലിന് നിര്‍ദേശം നല്‍കിയതാണ്.

എന്നാല്‍ ഇതെല്ലാം കെ റെയില്‍ അവഗണിച്ചു. ഡിപിആര്‍ സമര്‍പ്പിച്ചത് മുതല്‍ അലൈന്‍മെന്റില്‍ കാര്യമായ മാറ്റം വരുത്തണമെന്ന ആവശ്യം റെയില്‍വേ ബോര്‍ഡ് ഉന്നയിച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ദക്ഷിണ റെയില്‍വേ 2020 ജൂണ്‍ 10നും ജൂണ്‍ 15നും കെ റെയില്‍ അധികൃതര്‍ക്ക് അയച്ച കത്തില്‍ അലൈന്‍മെന്റില്‍ ചില ആശങ്കകള്‍ അറിയിക്കുകയും കാര്യമായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ യാതൊരു പ്രതികരണവും കെ റെയിലിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ഡിപിആര്‍ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും റെയില്‍വേ ബോര്‍ഡ് 2021 ജൂലൈ, സെപ്റ്റംബര്‍ മാസങ്ങളില്‍ കെ റെയിലിന് കത്തയച്ചിരുന്നു. എന്നാല്‍ ഇന്നുവരെ ആ കത്തുകള്‍ക്ക് കെ റെയില്‍ മറുപടി നല്‍കിയിട്ടില്ല. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കെ റെയിലിന്റെ പിഴവുകള്‍ അക്കമിട്ട് നിരത്തിയിരുന്നു.

വിശദമായ സാങ്കേതിക രേഖകള്‍, അലൈന്‍മെന്റ് പ്ലാന്‍, സ്വകാര്യ ഭൂമിയിലൂടെയും റെയില്‍വേ ഭൂമിയിലൂടെയും ലൈന്‍ കടന്നുപോകുന്നത് സംബന്ധിച്ച വിശദവിവരങ്ങള്‍, നിലവിലുള്ള റെയില്‍വേ ലൈനിനെ സില്‍വര്‍ ലൈന്‍ മറികടക്കുന്ന മേഖലകള്‍ എന്നിവ വിശദമായ പരിശോധനയ്ക്കും സാധ്യത വിലയിരുത്തുന്നതിനുമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവയൊന്നും നല്‍കാന്‍ കെ റെയില്‍ തയാറായില്ല.

അലൈന്‍മെന്റില്‍ കാര്യമായ മാറ്റം വരുത്തിയില്ലെങ്കില്‍ ദക്ഷിണ റെയില്‍വേയുടെ ഭാവി പദ്ധതികളെ അത് പ്രതികൂലമായി ബാധിക്കും. നിലവിലുള്ള ലൈനിന് സമാന്തരമായി മൂന്ന്, നാല് ലൈനുകള്‍ ഭാവിയില്‍ നിര്‍മിക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. അതിനാലാണ് റെയില്‍വേ ബോര്‍ഡ് മാറ്റം നിര്‍ദേശിച്ചത്. അല്ലെങ്കില്‍ സില്‍വര്‍ ലൈന്‍ റെയില്‍വേയുടെ പദ്ധതികള്‍ക്ക് സില്‍വര്‍ലൈന്‍ തടസം സൃഷ്ടിക്കും.

കെ റെയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പുലര്‍ത്തിവന്ന മൗനം അലൈന്‍മെന്റ് മാറ്റാന്‍ തയാറല്ലെന്ന നിലപാടിനെയാണ് സൂചിപ്പിക്കുന്നതെന്ന് റെയില്‍വേ ബോര്‍ഡ് കരുതുന്നു. കൂടാതെ കേരളത്തിനുള്ളില്‍ മാത്രം ഒതുങ്ങി നല്‍ക്കുന്ന പദ്ധതിയാണ് സില്‍വര്‍ലൈന്‍. അയല്‍ സംസ്ഥാനങ്ങളുമായി സില്‍വര്‍ ലൈന്‍ പദ്ധതിക്ക് യാതൊരു കണക്ടിവിറ്റിയും ഇല്ല.

അതിനാല്‍ തന്നെ ഭാവിയില്‍ രാജ്യത്തിന്റെ ഇതരഭാഗവുമായി ബന്ധപ്പെടാന്‍ ഇതിലൂടെ കഴിയില്ല. കര്‍ണാടക സംസ്ഥാനത്തിന്റെ പങ്കാളിത്തം ലഭിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. അതിനാല്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി പുതിയ പദ്ധതി രേഖ സമര്‍പ്പിക്കുക എന്നത് മാത്രമാണ് കെ റെയിലിന് മുന്നിലുള്ള ഏക വഴി. എന്നാല്‍ തങ്ങള്‍ നേരത്തെ നിശ്ചയിച്ചതുപോലെ പദ്ധതി നടപ്പാക്കണമെന്ന പിടിവാശിയിലാണ് കെ റെയില്‍.

Related Articles

Post Your Comments

Back to top button