Kerala NewsLatest News

വിദേശിയെ അപമാനിച്ച എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: കോവളത്ത് വിദേശ പൗരന്റെ കൈവശമുണ്ടായിരുന്ന മദ്യം ഒഴിച്ചു കളഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ്‌ഐ ജി. ഷാജിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. താന്‍ നിരപരാധിയാണന്ന് വ്യക്തമാക്കി മുഖ്യ മന്ത്രിക്ക് നല്‍കീയ വിശദീകരണത്തെ തുടര്‍ന്നാണ് നടപടി. പുതുവര്‍ഷ തലേന്ന് കോവളത്ത് വച്ചാണ് സംഭവം.

മദ്യവുമായി കോവളത്തെ ഹോട്ടലിലേക്ക് പോവുകയായിരുന്ന സ്വീഡിഷ് പൗരനെ പോലീസ് തടയുകയും രൂക്ഷമായി സംസാരിക്കുകയും ചെയ്തു. ഇതോടെയാണ് മനോവിഷമത്തില്‍ വിദേശി പൗരന്‍ മദ്യം ഒഴിച്ചു കളഞ്ഞത്. സംഭവം പോലീസിന്റെ വീഴ്ചയാണെന്ന് കണ്ടെത്തി പരിശോധനക്ക് നേതൃത്വം നല്‍കിയ ഷാജിയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

ഇതോടെ തന്റെ ഭാഗം കേള്‍ക്കാതെയാണ് നടപടി സ്വീകരിച്ചതെന്നാരോപിച്ച് ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സ്വീഡിഷ് പൗരന്‍ താമസിക്കുന്ന വീടോ സ്ഥാപനമോ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കല്ല മദ്യവുമായി പോയത്. മദ്യവുമായി അനധികൃതമായി ബീച്ചിലേക്ക് പോകാനുള്ള ശ്രമമാണ് നടത്തിയത്.

മദ്യം ഒഴുക്കി കളയാന്‍ ആവശ്യപ്പെട്ടിട്ടില്ല. മദ്യവുമായി തിരികെ പോകണം, അല്ലെങ്കില്‍ മദ്യം ഇല്ലാതെ ബീച്ചിലേക്ക് പോകണം എന്നാണ് ആവശ്യപ്പെട്ടതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇതെ തുടര്‍ന്നാണ് ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

Related Articles

Back to top button