നോട്ട് നിരോധനത്തിന് ആറ് വര്‍ഷം: കറന്‍സിയുടെ എണ്ണം റെക്കോര്‍ഡ് നിരക്കില്‍
NewsNational

നോട്ട് നിരോധനത്തിന് ആറ് വര്‍ഷം: കറന്‍സിയുടെ എണ്ണം റെക്കോര്‍ഡ് നിരക്കില്‍

ന്യൂഡല്‍ഹി: ഏറെ കെട്ടിയാഘോഷിച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിന് ഇന്ന് ആറ് വയസ്്. 2016 നവംബര്‍ എട്ടിന് അര്‍ധരാത്രിയാണ് സര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചിരുന്നത്. ആറ് വര്‍ഷം കഴിഞ്ഞപ്പോള്‍ ജനങ്ങളുടെ കൈവശമുള്ള കറന്‍സി നോട്ടുകള്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

രാജ്യത്ത് ജനങ്ങളുടെ കൈവശമുള്ള കറന്‍സിയുടെ എണ്ണം റെക്കോര്‍ഡ് നിരക്കിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2022 ഒക്ടോബര്‍ വരെയുള്ള കണക്ക് അനുസരിച്ച് ജനങ്ങളുടെ കൈയ്യില്‍ 30.88 ലക്ഷം കോടി രൂപയോളം കാര്‍സി നോട്ടുകളാണുള്ളത്. നോട്ടു നിരോധനം നടപ്പാക്കിയ 2016 നവംബറിനെക്കാള്‍ 71.84 ശതമാനം കൂടുതലാണിത്. പണത്തിന്റെ ഉപഭോഗം കുറച്ച് ഡിജിറ്റല്‍ പണമിടപാട് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും പരാജയപ്പെട്ടെന്നാണ് പുതിയ കണക്കുകളില്‍ നിന്നും ലഭിക്കുന്ന സൂചന. 2016 നവംബര്‍ നാലിന് ജനങ്ങളുടെ കൈവശമുള്ള പണത്തിന്റെ അളവ് 17.7 ലക്ഷം കോടി രൂപയായിരുന്നു.

അഴിമതി കുറയ്ക്കുക, അതുവഴി കള്ളപ്പണത്തെ ഇല്ലായ്മ ചെയ്യുക, വിപണിയില്‍ പണത്തിന്റെ ഉപയോഗം കുറച്ച് രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് 500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കിയിരുന്നത്. എന്നാല്‍ നോട്ട് നിരോധനത്തെത്തുടര്‍ന്ന് ഉണ്ടായ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

നോട്ടു നിരോധനം ബിസിനസ് രംഗത്തെ തകര്‍ത്തതായും തൊഴില്‍ ഇല്ലാതാക്കിയതായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശമുന്നയിച്ചു. നിലവില്‍ കറന്‍സിയുടെ ഉപയോഗം 72 ശതമാനം വര്‍ധിച്ചതായും ഖാര്‍ഗെ പറഞ്ഞു.

Related Articles

Post Your Comments

Back to top button