ആകാശം കട്ട ചുവപ്പാണ്;
ലോകാവസാനമെന്ന് ചൈനാക്കാര്‍

ബീജിംഗ്: നീലാകാശം, പച്ചക്കടല്‍, ചുവന്ന ഭൂമി എന്നാണ് വയ്പ്പ്. എന്നാല്‍ ഇനിയത് മാറ്റിപ്പറയാം. ചൈനയില്‍ ആകാശം പൂര്‍ണമായും ചുവന്നിരിക്കുന്നു. അത്ഭുത പ്രതിഭാസം കണ്ട് ചൈനക്കാര്‍ ഭയചകിതരായിപ്പോയി.
ചൈനയിലെ കിഴക്കന്‍ തുറമുഖ നഗരമായ ഷൗഷനിലാണ് മെയ് ഏഴിന് രാത്രി ആകാശം രക്ത സമാനമായി ചുവന്നുതുടുത്തത്. ചുവന്ന ആകാശത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും നഗരവാസികള്‍ പകര്‍ത്തി. അവ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ചുവന്ന ആകാശത്തെ ചുറ്റിപ്പറ്റി നഗരവാസികള്‍ക്കിടയില്‍ പല തരത്തിലെ അഭ്യൂഹങ്ങളാണ് പരന്നത്. വരാന്‍പോകുന്ന വലിയ അഗ്നിബാധയുടെ സൂചനയാണിതെന്ന് ചിലര്‍ പറഞ്ഞു. ലോകാവസാനത്തിന്റെ മുന്നറിയിപ്പാണിതെന്ന് മറ്റു ചിലര്‍. സൗര പ്രവര്‍ത്തനമാണ് ഈ അപൂര്‍വ്വ പ്രതിഭാസത്തിന് കാരണമെന്ന് കരുതുന്നവരും കുറവല്ല.
എന്നാല്‍ തെളിഞ്ഞ കാലാവസ്ഥയില്‍ വായുവില്‍ തങ്ങിനില്ക്കുന്ന ജലാംശം ഖരത്തിന്റെയോ ദ്രാവകത്തിന്റേയോ സൂക്ഷ്മ കണികകളെ സൃഷ്ടിക്കുമെന്നും അവ ദിശതെറ്റി മത്സ്യബന്ധന ബോട്ടുകളുടെ ലൈറ്റുകളില്‍ തട്ടിച്ചിതറുമ്പോഴാണ് കണ്ണുകള്‍ക്ക് ആകാശം ചുവന്നതായി തോന്നുന്നതെന്ന് ഷൗഷന് മെറ്ററോളോജിക്കല് ബ്യൂറോ വിശദീകരിക്കുന്നു. 1770ലും ചൈനയില്‍ സമാന പ്രതിഭാസം ഉണ്ടായിരുന്നു. തുടര്‍ച്ചയായ ഒമ്പത് ദിവസമാണ് അത്തവണ ആകാശം ചുവന്നത്.