ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടയായി അവസാനം അഫ്ഗാന് ജയിലിലെത്തപ്പെട്ട ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെ ഇന്ത്യയിലെത്തിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ച് പിതാവ് വി.ജെ. സെബാസ്റ്റ്യന്‍ സേവ്യര്‍. ഭര്‍ത്താവ് അബ്ദുള്‍ റാഷിദിനൊപ്പം ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ആയിഷയും ഏഴ് വയസുള്ള കുട്ടിയും അഫ്ഗാനിസ്ഥാനിലെ ജയിലില്‍ ആണ്.
2019ല്‍ നാറ്റോ സഖ്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ ആയിഷയുടെ ഭര്‍ത്താവ് അബ്ദുള്‍ റാഷിദ് കൊല്ലപ്പെട്ടു. ഐഎസില്‍ ചേര്‍ന്നതില്‍ ഇപ്പോള്‍ തന്റെ മകള്‍ക്ക് പശ്ചാത്താപമുണ്ടെന്നും ഇന്ത്യയിലെത്തി വിചാരണ നേരിടാനാണ് ആഗ്രഹമെന്നും സെബാസ്റ്റ്യന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
ആയിഷയെന്ന സോണിയെ സെബാസ്റ്റ്യനെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യത്തില്‍ എട്ടാഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തന്റെ മകളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് സെബാസ്റ്റ്യന്‍ പരാതിയില്‍ പറയുന്നത്. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അതിനാല്‍ മകളെയും ഏഴ് വയസുള്ള കുഞ്ഞിനെയും നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നുമാണ് സെബാസ്റ്റ്യന്റെ ആവശ്യം.
Post Your Comments