
ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയിൽ ഡിസ്ചാർജ് ചെയ്യേണ്ട രോഗിക്കുപകരം മറ്റൊരു രോഗിയെ പറഞ്ഞു വിട്ട് അധികൃതർ. ഓർത്തോ ഡോക്ടർ നിർദേശിച്ച രോഗിക്കുപകരം സിവിൽ സർജന്റെ ചികിത്സയിലിരുന്ന രോഗിയെയാണ് ഡിസ്ചാർജ് ചെയ്തത്.കഴിഞ്ഞ ജനുവരി 30 ആയിരുന്നു സംഭവം. ആശുപത്രി വാർഡിൽ ഓർത്തോ ഡോക്ടർ അഡ്മിറ്റ് ചെയ്തു ശസ്ത്രക്രിയ നടത്തിയ ഇടമലക്കുടി സ്വദേശി മഹേശ്വരനും (53) സർജൻ അഡ്മിറ്റ് ചെയ്ത വേലിയാംപാറ കുടിയിലെ രാജു നാഗനും (40) ചികിത്സയിലുണ്ടായിരുന്നു. ഓർത്തോ സർജൻ തന്റെ രോഗിക്കു കഴിഞ്ഞ 30 നു ഡിസ്ചാർജ് സമ്മറി എഴുതി വാർഡിലെ നേഴ്സുമാരെ ഏൽപിച്ചു.
എന്നാൽ സർജൻ അഡ്മിറ്റ് ചെയ്ത രാജു നാഗനെ നേഴ്സുമാർ ഡിസ്ചാർജ് ചെയ്ത് ഓർത്തോ ഡോക്ടർ കുറിച്ച മരുന്നുകൾ രാജു നാഗനു നൽകി വീട്ടിലേക്ക് പറഞ്ഞുവിട്ടു.തുടർന്ന് ജനുവരി 31 ന് സർജൻ എത്തി വാർഡ് പരിശോധിച്ചപ്പോഴാണ് തന്റെ രോഗിയെ കാണാനില്ലെന്ന് മനസിനാക്കിയത്. സർജൻ വിവരം തിരക്കിയപ്പോഴാണ് ഡിസ്ചാർജ് ചെയ്ത രോഗി മാറി പോയ കാര്യം അറിയുന്നത്. സൂപ്രണ്ടിനെ വിവരം അറിയിക്കുകയും തുടർന്ന് അന്വേഷണം നടത്തിയെങ്കിലും നടപടികളൊന്നും സ്വീകരിച്ചില്ല. ഇതിനിടെ ആശുപത്രിയിൽ നിന്ന് ഒരു വിഭാഗം ജീവനക്കാർ രാജു നാഗന്റെ വീട്ടിൽ എത്തി മാറി പോയ മരുന്ന് തിരികെ വാങ്ങി ശരിക്കുള്ള മരുന്ന് നൽകി തലയൂരിയെങ്കിലും സംഭവം സംബന്ധിച്ചു ജില്ല മെഡിക്കൽ ഓഫിസർ വിശദീകരണം തേടി. മഹേശ്വരനെ പിന്നീട് ഡിസ്ചാർജ് ചെയ്തു.
Post Your Comments