ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസിന് തുടക്കം
NewsKerala

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസിന് തുടക്കം

ബെംഗളൂരു: ഇന്ത്യൻ റെയിൽവേയുടെ അത്യാധുനിക മുഖമായ അതിവേഗ ട്രെയിൻ സര്‍വീസ്, വന്ദേഭാരത് ദക്ഷിണേന്ത്യയിലും സർവീസ് തുടങ്ങി. രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്സ്‍പ്രസ് മൈസൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ചെന്നൈ-മൈസൂരു റൂട്ടിലാണ് സര്‍വീസ്.

അത്യാധുനിക സൗകര്യങ്ങളും അതിവേഗവുമുള്ള വന്ദേഭാരത് യാത്രയിലൂടെ, ചെന്നൈ – മൈസൂര്‍ യാത്രയ്ക്ക് ഒരു മണിക്കൂറില്‍ അധികം ലാഭിക്കാന്‍ സാധിയ്ക്കും. രാവിലെ 5.50ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 10.20ന് ബെംഗളൂരുവിലും 12.20ന് മൈസൂരുവിലുമെത്തും. തിരികെ ഒരു മണിക്ക് മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി ഏഴരയ്ക്ക് ചെന്നൈയിലെത്തും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ ഓടാൻ ശേഷിയുള്ളവയാണ് വന്ദേഭാരത് എങ്കിലും ചെന്നൈ – മൈസൂരു പാതയിൽ 75 -80 കിലോമീറ്റർ വേഗത്തിലാകും സർവീസ് നടത്തുക. സുരക്ഷ വേലി ഇല്ലാത്തതാണ് വേഗത കുറയാൻ കാരണം.

ഈ റൂട്ടിൽ സർവീസ് നടത്തുന്ന ശതാബ്ദി എക്സ്പ്രസിനെ അപേക്ഷിച്ച് വന്ദേഭാരതിൽ ടിക്കറ്റ് നിരക്കും കുറവാണ്. ഭക്ഷണം ഉൾപ്പെടെ ചെയർ കാറിന് 1200 രൂപയാണ് നിരക്ക്. ശതാബ്ദിയിൽ 1275 രൂപ നൽകണം. എക്സിക്യുട്ടീവ് കാറിന് 2295 രൂപയാണ് വന്ദേഭാരതിലെ നിരക്ക്. വന്ദേഭാരത് സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി മറ്റ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

Related Articles

Post Your Comments

Back to top button