കരുത്തരായ ഉറഗ്വേയെ സമനിലയില്‍ കുരുക്കി ദക്ഷിണ കൊറിയ
Sports

കരുത്തരായ ഉറഗ്വേയെ സമനിലയില്‍ കുരുക്കി ദക്ഷിണ കൊറിയ

ദോഹ: പരിചയസമ്പത്തും താരപ്പകിട്ടും തങ്ങള്‍ക്ക് പ്രശ്‌നമല്ലെന്ന സന്ദേശവുമായി ദക്ഷിണ കൊറിയ. ഉറഗ്വേയുടെ വന്‍ താരനിരയെ 97 മിനുട്ടും ഗോളടിക്കാന്‍ സമ്മതിക്കാതെ വിജയതുല്യമായ സമനിലയുമായ ദക്ഷിണ കൊറിയ പോയിന്റ് ടേബിളില്‍ തങ്ങളുടെ അക്കൗണ്ട് തുറന്നു.

ലൂയി സുവാരസ്, എഡിസന്‍ കവാനി, വാല്‍വര്‍ദെ തുടങ്ങി പ്രമുഖര്‍ ഉറഗ്വേയ്ക്കായി മൈതാനത്തിറങ്ങി. എന്നാല്‍ അമ്പരിപ്പിക്കുന്ന വേഗവും കൃത്യമായ ഇടപെടലുകളും നടത്തി കൊറിയന്‍ താരങ്ങള്‍ ഉറഗ്വേയെ പിടിച്ചുകെട്ടി. കൗണ്ടര്‍ അറ്റാക്കിലൂടെ മേധാവിത്വം ഉറപ്പിക്കാനാണ് ഇരുടീമുകളും ശ്രമിച്ചത്. എന്നാല്‍ പ്രതിരോധനിര വളരെ ശക്തമായിരുന്നു. അതിനാല്‍ ഗോളെന്നുറപ്പിച്ച നീക്കങ്ങള്‍ പോലും പാഴായിപ്പോവുകയാണുണ്ടായത്.

പ്രായത്തിന്റെ ആധിക്യം സുവാരസിനെയടക്കം തളര്‍ത്തിയപ്പോള്‍ പകരം ചെറുപ്പക്കാരെ ഇറക്കി നോക്കിയ കോച്ചിന്റ തന്ത്രങ്ങള്‍ കൊറിയയ്ക്ക് മുന്നില്‍ വിലപ്പോയില്ല. ആദ്യപകുതിയില്‍ ലഭിച്ച സുവര്‍ണാവസരങ്ങള്‍ പുറത്തേക്കടിച്ച് തുലയ്ക്കുന്നതില്‍ രണ്ട് ടീമുകളും മത്സരിച്ചു. കളി തുടങ്ങി ആദ്യത്തെ പത്ത് മിനുട്ട് ചിത്രത്തില്‍ പോലും ഇല്ലാതിരുന്ന ഉറഗ്വേയ് മെല്ലെ താളം വീണ്ടെടുത്തു.

33ാം മിനുട്ടില്‍ ലഭിച്ച ഓപ്പണ്‍ ചാന്‍സ് ഗോളാക്കി മാറ്റാന്‍ ദക്ഷിണ കൊറിയയുടെ ഹവാംഗിന് സാധിച്ചില്ല. പിന്നാലെ 39ാം മിനുട്ടില്‍ ഹവാംഗ് പായിച്ച ലോംഗ് റേഞ്ച് ഷോട്ട് ഉറഗ്വേയുടെ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ഉറഗ്വേയുടെ പ്രതിരോധതാരം ഗോഡിന്റെ ഹെഡര്‍ കൊറിയന്‍ പോസ്റ്റിലിടിച്ചു തെറിച്ചു. പ്രായം തളര്‍ത്തിയ പോരാളി സുവാരസിനെ കോച്ച് 64ാം മിനുട്ടില്‍ തിരിച്ചുവിളിച്ചു.

പകരമിറങ്ങിയത് സൂപ്പര്‍ താരം എഡിസന്‍ കവാനി. കവാനി മൈതാനത്തെത്തിയതോടെ ഉറഗ്വേയുടെ ആക്രമണം കൂടുതല്‍ ശക്തമാക്കി. 81ാം മിനുട്ടില്‍ കവാനിയുടെ നീക്കം ഗോളില്‍ അവസാനിക്കുമെന്ന തോന്നലുണ്ടാക്കി. കവാനി ന്യൂനസിന് ബോള്‍ കൈമാറി. പക്ഷേ ന്യൂനസിന്റെ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്കാണ് പോയത്.

90ാം മിനുട്ടില്‍ വാല്‍വര്‍ദെയുടെ ലോംഗ് റേഞ്ചില്‍ നിന്നുള്ള ഒരു ബുള്ളറ്റ് ഷോട്ട് പോസ്റ്റിലിടിച്ചു തെറിച്ചു. തുടര്‍ന്ന് കൊറിയയുടെ സണ്‍ ഹ്യൂംഗ് മിന്നിന്റെ ലോംഗ് റേഞ്ചര്‍ ഉറഗ്വേയുടെ പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി. മികച്ച നീക്കങ്ങള്‍ നെയ്‌തെടുത്ത കൊറിയന്‍ നിരയില്‍ നല്ലൊരു ഫിനിഷറുടെ അഭാവം നിഴലിച്ചുനിന്നു.

Related Articles

Post Your Comments

Back to top button