കെ റെയിലിന് കേന്ദ്രത്തിന്റെ ഉഗ്രന്‍ പാര

കൊച്ചി: ഏറെ കൊട്ടിഘോഷിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സില്‍വര്‍ ലൈന്‍ സെമി സ്പീഡ് പ്രൊജക്ടിന് ഉഗ്രന്‍ പാരയുമായി കേന്ദ്രസര്‍ക്കാര്‍. സില്‍വര്‍ ലൈനില്‍ ലഭിക്കുന്ന വേഗതയേക്കാള്‍ സഞ്ചാരവേഗമുള്ള മൂന്നാം പാതയുമായി ദക്ഷിണ റെയില്‍വെ രംഗത്തെത്തിയിരിക്കുകയാണ്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ പാതയുടെ ആദ്യഘട്ടം എറണാകുളം- ഷൊര്‍ണൂര്‍ റൂട്ടില്‍ നിര്‍മിക്കാന്‍ കേന്ദ്രം അനുമതി നല്കി.
ഇതിനായി 1500 കോടി രൂപ അനുവദിക്കുകയും ചെയ്തു. 2025 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ ട്രെയിനുകളുടെയും സഞ്ചാരവേഗം മണിക്കൂറില്‍ 160 കിലോമീറ്ററായി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണിത്. നിലവിലുള്ള ഡബിള്‍ ലൈന്‍ കൂടാതെ മൂന്നാം ലൈന്‍ സംസ്ഥാനമാകെ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്ക് ആദ്യഗഡു പണം അനുവദിച്ചതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങും. ഈ സാഹചര്യത്തില്‍ കേരളം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സില്‍വര്‍ ലൈനിന്റെ പ്രസക്തി ഇല്ലാതാവുകയാണ്.
സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ കേന്ദ്രാനുമതി ലഭിച്ചാല്‍ നിലവിലുള്ള അലൈന്മെന്റില് കാര്യമായ വ്യത്യാസം വരുത്തേണ്ടിവരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സില്‍വര്‍ ലൈനിന്റെ പരമാവധി വേഗം മണിക്കൂറില്‍ 200 കിലോമീറ്റര്‍ ആണെങ്കിലും ഓപ്പറേറ്റിങ് സ്പീഡ് 135 കിലോമീറ്റര്‍ മാത്രമാണ്. എന്നാല്‍ ദക്ഷിണ റെയില്‍വേ നിര്‍മിക്കുന്ന മൂന്നാം പാതയുടെ ശരാശരി വേഗം മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആയിരിക്കും. ഒരുവര്‍ഷം മുമ്പ് മൂന്നാം ലൈന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കാനുള്ള കാലതാമസവും സാമ്പത്തിക ബാധ്യതയും കണക്കിലെടുത്ത് പദ്ധതി മരവിപ്പിക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ പ്രചാരണമുണ്ടായിരുന്നു.
മൂന്നാം ലൈന്‍ പദ്ധതിയുടെ ഭാഗമായി ഷൊര്‍ണൂര്‍ യാര്‍ഡ് റീ മോഡലിംഗ്, പാലക്കാട് ഭാഗത്തേക്ക് പുതിയ ലൈനുകള്‍, ഭാരതപ്പുഴയ്ക്ക് കുറുകെ പുതിയ പാലം എന്നിവ നിര്‍മിക്കും.നിലവിലുള്ള വള്ളത്തോള്‍ നഗര്‍- ഷൊര്‍ണൂര്‍ ലൈന്‍ കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകള്‍ക്കായി മാറ്റിവയ്ക്കാനാണു നിര്‍ദേശം. ഇപ്പോള്‍ ഷൊര്‍ണൂരില്‍ നിന്ന് പാലക്കാട്ഭാഗത്തേക്ക് ആരംഭിക്കുന്ന ലൈനിന് പകരം വള്ളത്തോള്‍ നഗറില്‍നിന്ന് പുതിയ ലൈന്‍ തുടങ്ങും. എറണാകുളം ഭാഗത്തുനിന്ന് വരുന്ന ട്രെയിനുകള്‍ പുതിയ ലൈനിലൂടെയാകും പാലക്കാട് ഭാഗത്തേക്ക് സഞ്ചരിക്കുക. ഇതിനായാണ് ഭാരതപ്പുഴയ്ക്ക് കുറുകെ പുതിയ പാലം നിര്‍മിക്കുന്നത്. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന ട്രെയിനുകള്‍ ഷൊര്‍ണൂരില്‍നിന്ന് നിലവിലുള്ള പാളത്തിലൂടെ പാലക്കാട്ടേക്ക് തിരിയും.
ഷൊര്‍ണൂര്‍ യാര്‍ഡ് രണ്ട് ഗ്രിഡായി ഭാഗിച്ച് ഒന്ന്, രണ്ട്, മൂന്ന് ഭാഗങ്ങള്‍ പാലക്കാട്- കോഴിക്കോട് ട്രെയിനുകള്‍ക്കും നാല്, അഞ്ച്, ആറ്, ഏഴ് ഗ്രിഡ് കോഴിക്കോട്- തൃശൂര്‍ റൂട്ടിലെ ട്രെയിനുകള്‍ക്കുമായി ഉപയോഗിക്കും. സിഗ്നല്‍ സംവിധാനത്തിന്റെ നവീകരണവും ഉണ്ടാകും. കെ റെയിലിന്റെ സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗപാതയേക്കാള് വേഗത്തില്‍ ആദ്യഘട്ടത്തില്‍ ഷൊര്‍ണൂരില്‍നിന്ന് ട്രെയിനുകള്‍ക്ക് എറണാകുളത്തെത്താന്‍ കഴിയും. ചരക്ക് നീക്കവും മുന്നില്‍ക്കണ്ടാണ് മൂന്നാം പാത വിഭാവനം ചെയ്തിട്ടുള്ളത്. ഭാവിയില്‍ മൂന്നാം ലൈന്‍ കാസര്‍ഗോഡ് മുതല്‍ ഷൊര്‍ണൂര്‍ വരെയും എറണാകുളത്ത് നിന്ന് കോട്ടയം വഴി തിരുവനന്തപുരത്തേക്കും നീട്ടും. ആരെയും കുടിയൊഴിപ്പിക്കാതെയാകും പദ്ധതി നടപ്പാക്കുക എന്നതും സവിശേഷതയാണ്.
സില്‍വര്‍ ലൈന്‍ പ്രൊജക്ടിനായി ആയിരക്കണക്കിനാളുകളെ കുടിയൊഴിപ്പിക്കേണ്ടി വരും. മാത്രമല്ല സ്പീഡിന്റെ കാര്യത്തിലും ടിക്കറ്റ് നിരക്കിന്റെ കാര്യത്തിലും ഇന്ത്യന്‍ റെയില്‍വേയോട് കെ റെയിലിന് പിടിച്ചുനില്‍ക്കാനാവില്ല. മാത്രമല്ല കേരളമൊട്ടാകെ വന്‍ എതിര്‍പ്പാണ് പദ്ധതിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഒരു സംസ്ഥാനം മുഴുവനായും എതിര്‍ക്കുന്ന പദ്ധതി അതിനേക്കാള്‍ വിദഗ്ധമായി ഇന്ത്യന്‍ റെയില്‍വെ മറ്റൊരു പദ്ധതി നടപ്പാക്കുമ്പോള്‍ എത്രമാത്രം പ്രാവര്‍ത്തികമാണെന്ന കാര്യം കൂടി ആലോചിക്കേണ്ടി വരും. മാത്രമല്ല ഇപ്പോള്‍ കെ റെയില്‍ വിഭാവനം ചെയ്തിരിക്കുന്ന അലൈന്മെന്റ് മുഴുവനായും മാറ്റി സില്‍വര്‍ ലൈന്‍ പ്രൊജക്ട് വീണ്ടും തയാറാക്കേണ്ട അവസ്ഥയും സംജാതമാകുകയാണ്.