മെന്റര്‍ വിവാദം: മാത്യു കുഴല്‍നാടന്റെ അവകാശലംഘന നോട്ടിസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കര്‍
NewsKerala

മെന്റര്‍ വിവാദം: മാത്യു കുഴല്‍നാടന്റെ അവകാശലംഘന നോട്ടിസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കര്‍

തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ അവകാശ ലംഘന നോട്ടിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം തേടി സ്പീക്കര്‍. മെന്റര്‍ വിവാദത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചാണ് നോട്ടിസ് നല്‍കിയത്. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നന്ന അടിയന്തര ചര്‍ച്ചയ്ക്കുപിന്നാലെ ജൂലൈ ഒന്നിനായിരുന്നു നോട്ടിസ് നല്‍കിയത്.

ചര്‍ച്ചയില്‍ മുഖ്യമന്ത്രി വസ്തുതാവിരുദ്ധമായ കാര്യം പറഞ്ഞ് സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് നോട്ടിസ്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ മെന്റര്‍(മാര്‍ഗദര്‍ശി) ആണെന്ന് പറഞ്ഞിരുന്ന കാര്യം മാത്യൂ കുഴല്‍ നാടന്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഇത് പച്ചക്കള്ളമെന്നും ജെയ്ക് ബാലകുമാര്‍ മെന്റര്‍ ആണെന്ന് വീണാ വിജയന്‍ ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം, വെബ്‌സൈറ്റിന്റെ ആര്‍ക്കൈവ്‌സ് പ്രകാരം 2020 മെയ് 20 വരെ കമ്പനിയുടെ മെന്റര്‍ ആയിരുന്നു ജെയ്ക് എന്ന് രേഖപ്പെടുത്തിയിരുന്നതിന്റെ തെളിവുകള്‍ തൊട്ടടുത്തദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടിരുന്നു. നോട്ടിസിനൊപ്പം ഇതും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Post Your Comments

Back to top button