തീപിടുത്തത്തിൽ ദുരൂഹത തന്നെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

തീപിടിച്ചപിറകേ ഫയർഫോഴ്സ് എത്തും മുൻപ് അവധിയിലായിരുന്ന ഓഫീസര്‍ പെട്ടെന്ന് എത്തിയതിൽ അസ്വാഭാവികത
സെക്രട്ടറിയറ്റിൽ തീപിടിത്തമുണ്ടായതിന് പിറകെ ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് അവധിയിലായിരുന്ന അഡീഷണൽ ചീഫ് പ്രോട്ടോക്കോൾ ഓഫീസര്‍ സ്ഥലത്തെത്തിയതില്‍ അസ്വാഭാവികതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് പോലീസ് റിപ്പോർട്ട്. സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായതിന് ശേഷം അഡീഷണൽ ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍ സ്ഥലത്തെത്തിയതില്‍ അസ്വാഭാവികതയുണ്ടെന്നാണ് പോലീസ് സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് അവധിയിലുള്ള ഓഫീസർ പൊടുന്നനെ സ്ഥലത്തെത്തുകയായിരുന്നു. അഡീഷണൽ ചീഫ് പ്രോട്ടോക്കോൾ ഓഫീസർ എ.പി രാജീവന്റെ ടവർ ലൊക്കേഷൻ പരിശോധിക്കണമെന്നും സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
തീപിടിത്തമുണ്ടായത് ഫാനിൽ നിന്നാണെന്നായിരുന്നു പി ഡബ്ലിയു ഡി യുടെ അന്വേഷണ റിപ്പോര്‍ട്ട്. ഫാൻ ഉരുകി ഫയലിലേക്കും കർട്ടനിലേക്കും വീണാണ് തീ പടർന്നതെന്നും, ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതായി മന്ത്രി ജി.സുധാകരൻ വ്യക്തമാക്കിയ പിറകെ, സെക്രട്ടേറിയറ്റ് തീപിടിത്തത്തില്‍ ഫയലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വെളിപ്പെടുത്തുകയായിരുന്നു. കത്തിയതില്‍ സുപ്രധാന ഫയലുകളില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, രണ്ട് സംഘങ്ങള്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നുണ്ടെന്നും ഒരാഴ്ചക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും, അതുവരെ കാത്തിരിക്കണമെന്നും പറഞ്ഞിരുന്നു.
സെക്രട്ടറിയറ്റിൽ തീപിടുത്തം ഉണ്ടായത് മുതൽ ഉണ്ടായ ദുരൂഹതയും, സംശയങ്ങളും, പോലീസ് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് കൂടി പുറത്തു വന്നതോടെ, തീ കത്തിയതല്ല, കത്തിച്ചതാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ബലപ്പെടുത്തുകയാണ്. സ്ഥലം എം എൽ എ പോലും അപകട സ്ഥലം സന്ദർശിക്കാൻ അനുവദിക്കാതിരുന്നതും, ചീഫ് സെക്രട്ടറി ഇടപെട്ടു മാധ്യമപ്രവർത്തകരെ പുറത്താക്കിയതും മുതൽ ആരംഭിക്കുന്ന ദുരൂഹത, പി ഡബ്ലിയു ഡി യുടെതായ അന്വേഷണ റിപ്പോർട്ടിലും, അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കാൻ സർക്കാർ അനുകൂലികളായ യൂണിയൻ നേതാക്കളെ ചുമതലപ്പെടുത്തിയതിൽ വരെ എത്തി നിൽക്കുകയായിരുന്നു. ഇതിനിടെ തീപിടുത്തം ഉണ്ടായ ഓഫീസിൽ നിന്നുള്ള ഫയലുകൾ മാറ്റാനും ശ്രമം ഉണ്ടായി. പ്രതിപക്ഷം ഫയലുകൾ നീക്കം ചെയ്യുന്നതായി ആരോപണം ഉന്നയിച്ചതോടെ
ഫയലുകൾ മാറ്റരുതെന്നു അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. തീപിടുത്തം ഉണ്ടാവുന്നതിനു ദിവസങ്ങൾക്ക് മുൻപാണ് ലൈഫ് മിഷൻ, കോൺസുലേറ്റ് എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന പ്രോട്ടോകോൾ ഫയലുകൾ കാണണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.
അതനുസരിച്ചു മുഖ്യമന്ത്രി വിളിച്ചു വരുത്തിയ പ്രധാന ഫയലുകൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് കൊണ്ടുപോയതായും റിപ്പോർട്ടുകൾ വന്നിരുന്നതാണ്. ഇതിനു പിറകെയാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടുത്തം ഉണ്ടാകുന്നത്.