സ്വര്‍ണത്തിളക്കമാര്‍ന്ന വെള്ളിയുമായി ശ്രീശങ്കര്‍
Sports

സ്വര്‍ണത്തിളക്കമാര്‍ന്ന വെള്ളിയുമായി ശ്രീശങ്കര്‍

ബര്‍മിംഗ്ഹാം: ഇന്ത്യന്‍ മെഡല്‍വേട്ടയില്‍ പൊന്‍തൂവലായി മാറി പാലക്കാട്ടുകാരന്‍ ശ്രീശങ്കര്‍. ലോംഗ്ജംപില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പുരുഷതാരം മെഡല്‍ നേടുന്നത് എന്ന് മാത്രമല്ല സ്വര്‍ണം നേടിയ ലഖ്വാന്‍ നയിനും ശ്രീശങ്കറും പിന്നിട്ടത് ഒരേ ദൂരം- 8.08 മീറ്റര്‍.

കോടാനുകോടി ഇന്ത്യക്കാരുടെ ചങ്കിടിപ്പിന് വേഗം കൂട്ടുന്നതായിരുന്നു ഫൈനലില്‍ ശ്രീശങ്കറിന്റെ പ്രകടനം. ബഹമാസിന്റെ ലഖ്വാന്‍ നയിനൊപ്പം 8.08 മീറ്റര്‍ ചാടിയ ശ്രീശങ്കറിന് സ്വര്‍ണം നഷ്ടമായത് നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ്. ചാടുന്ന സമയത്ത് കാറ്റിന്റെ ശക്തി കുറവായിരുന്നത് ലഖ്വാന്‍ നയിന് അനുഗ്രഹമായി. മാത്രമല്ല ലഖ്വാന്‍ നയിനേക്കാള്‍ കൂടുതല്‍ ചാന്‍സ് ശ്രീശങ്കര്‍ എടുത്തതും ഒന്നാം സ്ഥാനത്തെത്താന്‍ തടസമായി.

തന്റെ അഞ്ചാം ശ്രമത്തിലാണ് ശ്രീശങ്കര്‍ 8.08 മീറ്റര്‍ ദൂരം പിന്നിട്ടത്. ആദ്യ മൂന്ന് ശ്രമങ്ങളില്‍ 7.60 മീറ്റര്‍, 7.84 മീറ്റര്‍, 7.84 മീറ്റര്‍ എന്നിങ്ങിനെയാണ് ശ്രീശങ്കര്‍ ദൂരം താണ്ടിയത്. നാലാം ശ്രമം ഫൗളായി. തന്റെ കരിയര്‍ ബെസ്റ്റായ 8.36 മീറ്റര്‍ ആറാം ശ്രമത്തില്‍ ശ്രീശങ്കര്‍ പിന്നിടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആ ചാട്ടം ഫൗളായി. ഇതോടെ തന്റെയും രാജ്യത്തിന്റെയും നേട്ടം വെള്ളി മെഡലില്‍ ഒതുക്കേണ്ടി വന്നു.

ലോംഗ്ജംപില്‍ ഇന്ത്യയുടെ മുഹമ്മദ് അനീസ് ഫൈനലില്‍ എത്തിയെങ്കിലും 7.97 മീറ്റര്‍ താണ്ടി അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്‌ലറ്റിക്‌സിലെ രണ്ടാം മെഡലാണ് ഇന്ത്യ ശ്രീശങ്കറിലൂടെ സ്വന്തമാക്കിയത്. നേരത്തേ ഹൈജംപില്‍ ഇന്ത്യയ്ക്കായി തേജസ്വിന്‍ ശങ്കര്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയിരുന്നു. മുന്‍ ഇന്ത്യന്‍ അത്‌ലറ്റുകളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനായ ശ്രീശങ്കര്‍ അടുത്ത ഒളിപിംക്‌സില്‍ സ്വര്‍ണം കരസ്ഥമാക്കാമെന്ന പ്രതീക്ഷയിലാണ്.

Related Articles

Post Your Comments

Back to top button