Latest NewsNewsUncategorizedWorld

ശ്രീലങ്കയില്‍ ഭരണകക്ഷി എംപി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു

കൊളംബോ: ശ്രീലങ്കയില്‍ ഭരണപക്ഷ എംപി അമരകീര്‍ത്തി അതുകോറള കൊല്ലപ്പെട്ടു. മഹിന്ദ രാജപക്‌സെ അനുകൂലികളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് എംപി മരിച്ചത്. ഏറ്റുമുട്ടലില്‍ നൂറിലധികം പേര്‍ക്കു പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിട്ടംബുവയില്‍ കാര്‍ തടഞ്ഞ പ്രതിഷേധക്കാര്‍ക്കാര്‍ക്കുനേരെ വെടിയുതിര്‍ത്ത എംപിയെ പിന്നീട് അഭയം തേടിയ അടുത്തുള്ള കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രതിഷേധം കനത്തതോടെ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ പ്രസിഡന്റും ഇളയ സഹോദരനുമായ ഗോട്ടബായ രജപക്‌സെക്ക് രാജിക്കത്ത് അയച്ചു. ഞാന്‍ അടിയന്തരമായി രാജിവയ്ക്കുന്നു. അതിനാല്‍ നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ പുറത്തുകൊണ്ടുവരാന്‍ സര്‍വക്ഷി സര്‍ക്കാരിനെ നിയമിക്കാന്‍ താങ്കള്‍ക്ക് കഴിയുമെന്നും അദ്ദേഹം രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാരിനെ പിരിച്ചുവിട്ടിരിക്കുകയാണ്. രജപക്‌സെ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി വിസമ്മതിച്ചു. സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധത്തിനാണ് ഇന്ന് രാവിലെ മുതല്‍ രാജ്യം സാക്ഷ്യം വഹിച്ചത്. രജപക്‌സെ കുടുംബത്തെ പിന്തുണയ്ക്കുന്നവരും പ്രതിഷേധക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്. ഏപ്രില്‍ ഒന്‍പതു മുതല്‍ പ്രസിഡന്റിന്റെ ഓഫിസിന് മുന്‍പില്‍ തമ്പടിച്ചിരിക്കുന്ന നിരായുധരായ പ്രതിഷേധക്കാരെ അനുകൂലികള്‍ ആക്രമിച്ചു.

Related Articles

Back to top button