മുന്‍കൂര്‍ ജാമ്യം തേടി ശ്രീകാന്ത് വെട്ടിയാര്‍ ഹൈക്കോടതിയില്‍

കൊച്ചി: പീഡനാരോപണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. ബലാത്സംഗ കേസിലാണ് ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്. പീഡനത്തിനിരയായ യുവതിയുടെ പരാതിയിന്മേല് അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് ശ്രീകാന്ത് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.
പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢലക്ഷ്യമുണ്ടെന്നും ജാമ്യാപേക്ഷയില്‍ ശ്രീകാന്ത് ആരോപിക്കുന്നു. പരാതിക്കാരി സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢലക്ഷ്യത്തോടൈയാണെന്നും വെട്ടിയാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. ബലാത്സംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.