ശ്രീലേഖയുടെ വെളിപ്പെടുത്തല്‍: ബെഹ്‌റയും സന്ധ്യയും പ്രതിക്കൂട്ടില്‍
NewsKerala

ശ്രീലേഖയുടെ വെളിപ്പെടുത്തല്‍: ബെഹ്‌റയും സന്ധ്യയും പ്രതിക്കൂട്ടില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ പ്രതിസ്ഥാനത്തെത്തുന്നത് പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ ബി. സന്ധ്യ, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് തുടങ്ങിയവരെയെല്ലാം തന്റെ വെളിപ്പെടുത്തലിലൂടെ ശ്രീലേഖ സംശയത്തിന്റെ നിഴലില്‍ ആക്കിയിരിക്കുകയാണ്. ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ നാളെ ഈ ഉദ്യോഗസ്ഥരെയെല്ലാം കോടതിയില്‍ വിസ്തരിക്കേണ്ട അവസ്ഥയാണ് സംജാതമായിട്ടുള്ളത്.

ദിലീപിനെതിരെ പോലീസ് വ്യാജതെളിവുണ്ടാക്കിയെന്നാണ് ശ്രീലേഖയുടെ പ്രധാന ആരോപണം. പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമാണ് എന്ന് അവര്‍ ആരോപിച്ചതിനാല്‍ ഈ ഫോട്ടോയുടെ വിശ്വാസ്യത തന്നെയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ ഫോട്ടോ വീണ്ടും കോടതി മേല്‍ നോട്ടത്തില്‍ പരിശോധനക്ക് അയക്കേണ്ടി വരും.

ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ഫോട്ടോ ഷോപ്പ് ചെയ്തതാണ് എന്ന സംശയം ഫോട്ടോ കണ്ടപ്പോള്‍ തന്നെ താന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അക്കാര്യം സമ്മതിച്ചതാണെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടി. തെളിവിന് വേണ്ടി ഉണ്ടാക്കിയതാണെന്നാണ് ലഭിച്ച മറുപടിയെന്നും ശ്രീലേഖ പറയുന്നു. ഈ സാഹചര്യത്തില്‍ തെളിവിന് വേണ്ടി ഉണ്ടാക്കിയതാണെന്നു പറഞ്ഞ ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യേണ്ടി വരും.

ജയലില്‍ സുനിക്ക് ഉപയോഗിക്കാനുള്ള ഫോണ്‍ എത്തിച്ചതും പോലീസുകാരാണെന്നതാണ്, ശ്രീലേഖയുടെ മറ്റൊരു ഗുരുതര വെളിപ്പെടുത്തല്‍. ഇക്കാര്യം സംസ്ഥാന പോലീസ് മേധാവിയെ രേഖാമൂലം അറിയച്ചതായും മുന്‍ ഡിജിപി പറയുന്നു. ഈ സാഹചര്യത്തില്‍ അന്നത്തെ ഡിജിപി ലോകനാഥ് ബെഹ്‌റയും ഇനി നിലപാട് വ്യക്തമാക്കാന്‍ നിര്‍ബന്ധിക്കപ്പെടും. ഡിജിപിക്ക് ശ്രീലേഖ നല്‍കിയ കത്ത് കോടതിയിലും പ്രധാന തെളിവാകും.

പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ ശ്രീലേഖയെ വിചാരണ കോടതിയില്‍ വിസ്തരിക്കേണ്ടി വരും. ഇതും അന്വേഷണ സംഘത്തിന് വലിയ തലവേദനയാകും. എന്തായാലും സംസ്ഥാനത്തെ ആദ്യ വനിത ഐപിഎസ് ഓഫീസര്‍ ഉയര്‍ത്തിയ വിവാദ കൊടുങ്കാറ്റ് പോലീസ് സേനയുടെ വിശ്വാസ്യത പാടെ തകര്‍ത്തിരിക്കുകയാണ്. മാത്രമല്ല ദിലീപ് ഏറെ നാളായി ആവശ്യപ്പെടുന്ന സിബിഐ അന്വേഷണം കോടതി അനുവദിക്കാനും സാധ്യതയുണ്ട്.

Related Articles

Post Your Comments

Back to top button