ശ്രീനിവാസന്‍ കൊലപാതകം: രണ്ട് പേരെ പിടികൂടാനിരിക്കെ കുറ്റപത്രം സമര്‍പ്പിച്ചു
NewsKeralaCrime

ശ്രീനിവാസന്‍ കൊലപാതകം: രണ്ട് പേരെ പിടികൂടാനിരിക്കെ കുറ്റപത്രം സമര്‍പ്പിച്ചു

പാലക്കാട്: ആര്‍എസ്എസ് നേതാവ് എ. ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലയാളി സംഘത്തിലെ രണ്ട് പേരെ പിടികൂടാനിരിക്കെ കുറ്റപത്രം സമര്‍പ്പിച്ചു. കൃത്യം നടന്ന് 89ാം ദിവസമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മൂന്ന് ഇരുചക്രവാഹനങ്ങളിലായെത്തിയ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പട്ടാപ്പകലാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇതില്‍ നാല് പേരെ മാത്രമാണ് പോലീസിന് പിടികൂടാനായത്. രണ്ട് പേര്‍ ഇപ്പോഴും കാണാമറയത്താണ്.

അതില്‍ ഒരാള്‍ വിദേശത്തേക്ക് കടന്നു എന്നാണ് പോലീസ് പറയുന്നത്. വിദേശത്തേക്ക് കടന്നയാളെ കിട്ടിയാലെ കൂടെ ഉണ്ടായിരുന്ന ആളെക്കുറിച്ച് വിവരം ലഭിക്കൂ. പാലക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) മുമ്പാകെയാണ് കൊലപ്പെടുത്തേണ്ടവരുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കിയതിനനുസരിച്ച് കേരളത്തില്‍ ആദ്യമായി നടത്തിയ കൊലപാതകത്തിന്റെ കുറ്റപത്രം സമര്‍പ്പിച്ചത്.

ഇതുവരെ കേസുമായി ബന്ധപ്പെട്ട് 25 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മേലേപട്ടാമ്പി മുഹമ്മദ് മന്‍സൂര്‍ വിദേശത്തേക്ക് കടന്നു. ഇയാളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. പിടികൂടിയ 25 പേര്‍ക്ക് പുറമെ 14 പേര്‍ കൂടി കൊലപാതകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അവരെ കണ്ടെത്താന്‍ രണ്ടാംഘട്ട അന്വേഷണം ഉടന്‍ ആരംഭിക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

Related Articles

Post Your Comments

Back to top button