ഭൂമിയിടപാട്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സര്‍ക്കാരിന്റെ സത്യവാങ്മൂലം
NewsKerala

ഭൂമിയിടപാട്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സര്‍ക്കാരിന്റെ സത്യവാങ്മൂലം

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. ഇടപാടില്‍ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കാനോന്‍ നിയമപ്രകാരമാണ് ഇടപാടുകളെന്നും സര്‍ക്കാര്‍ പറയുന്നു. പൊലീസും കര്‍ദിനാളിന് ക്ലീന്‍ ചിറ്റ് നല്‍കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വലിയ പാളിച്ചകള്‍ ഇടപാടില്‍ ഇല്ലെന്നാണ് റവന്യൂവകുപ്പിന്റെയും നിലപാട്. ഇക്കാര്യമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിലും ആവര്‍ത്തിച്ചത്. തനിക്കെതിരെ ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജി എപ്രില്‍ ഒന്നിന് പരിഗണിച്ചിരുന്നു.

ഉടനടി കേസ് റദ്ദാക്കാനാകില്ലെന്നും വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് തേടേണ്ടതുണ്ടെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. തുടര്‍ന്ന് കോടതി ആവശ്യപ്പെട്ടതുപ്രകാരം നിയമവകുപ്പ് അണ്ടര്‍ സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തിലാണ് ക്ലീന്‍ ചിറ്റ് നല്‍കുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ സത്യവാങ്മൂലത്തില്‍ നല്‍കിയിട്ടുണ്ട്. സഭയുടെ കീഴില്‍ മെഡിക്കല്‍ കോളജ് പണിയുന്നതിനായി ചര്‍ച്ച നടന്നിരുന്നു.

ഇതിനായി ഭൂമി വാങ്ങിയെങ്കിലും പണി നടന്നില്ല. പിന്നീട് ഭൂമി വില്‍ക്കേണ്ടി വന്നുവെന്നും വില്‍പ്പനയില്‍ അതിരൂപത ചട്ടപ്രകാരം ചര്‍ച്ച നടന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സഭയുടെ ഭരണസമിതി യോഗങ്ങള്‍ വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തിന്റെ മിനിട്‌സുകളിലൊന്നിലും കര്‍ദിനാളിനെതിരായ തെളിവില്ലെന്നുമാണ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. ഈ പൊലീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി കോടതിയെ സമീപിച്ചത്. സമാന റിപ്പോര്‍ട്ടാണ് സര്‍ക്കാരും സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്നത്.

Related Articles

Post Your Comments

Back to top button