ചരിത്രത്തിൽ ഇല്ലാത്ത വിചിത്രമായ പ്രമേയം, മുഖ്യമന്ത്രി കൊണ്ട് വന്ന പ്രമേയം നിയമസഭയിൽ പാസായി.

തിരുവനന്തപുരം/ കിഫ്ബി വിദേശത്തുനിന്നും കടമെടുത്തത് ഭരണഘടനാ ലംഘനമാണെന്ന സിഎജി റിപ്പോർട്ടിലെ വിമർശനത്തിനെതിരെ മുഖ്യമന്ത്രി കൊണ്ട് വന്ന പ്രമേയം നിയമസഭയിൽ ശബ്ദ വോട്ടോടെ പാസായി. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിലുള്ള പരാമർശങ്ങളിൽ പലതും വസ്തുതാവിരുദ്ധവും യാഥാർത്ഥ്യങ്ങൾക്ക് എതിരാണെന്നുമാണ് പ്രമേയത്തിൽ പറഞ്ഞിട്ടുള്ളത്.
സിഎജി റിപ്പോർട്ടിലെ 3 പേജുകൾ തള്ളണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുകയായിരുന്നു. സിഎജി റിപ്പോർട്ടിലെ 41 മുതൽ 43വരെയുള്ള പേജുകൾ തള്ളണമെന്നാണ് പ്രമേയത്തിലൂടെ മുഖ്യമായും ആവശ്യപ്പെടുന്നത്. കേരളം നിയമ സഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു പ്രമേയം സഭയിൽ കൊണ്ട് വന്നു പാസാക്കുന്നത്.
സിഎജി റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ അത് സംബന്ധിച്ച ആക്ഷേപങ്ങൾ സാധാരണ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് പരിഗണിക്കാറുള്ളത്. കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് പുറത്തു വിട്ട ഗുരുതരമായ ആരോപണത്തിനു വിധേയനായ ധനമന്ത്രി ടി.എം.തോമസ് ഐസക്കിനു ക്ലീൻ ചിറ്റ് തുടർന്നും നൽകാനുള്ള നാടകീയ നീക്കങ്ങളാണ് പ്രമേയം അവതരിപ്പിക്കുന്നിടത്ത് വരെ എത്തിയത്. സിഎജിയെ രൂക്ഷമായി വിമർശിക്കുന്ന പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം സഭയിൽ സർക്കാർ വെച്ചിരുന്നു. കിഫ്ബി വിദേശത്തുനിന്നും കടമെടുത്തത് ഭരണഘടനാ ലംഘനമാണെന്ന സിഎജി റിപ്പോർട്ടിലെ വിവാദ പരാമർശം മറികടക്കാനുള്ള ചെപ്പടി വിദ്യകളാണ് ഇപ്പോൾ നടക്കുന്നത്.
സിഎജി റിപ്പോർട്ട് തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചെന്നും ബന്ധപ്പെട്ട വകുപ്പിനു നീതി നിഷേധിച്ചെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറയുകയുണ്ടായി. സിഎജി ഒരു തീരുമാനമെടുക്കുന്നതിനു മുൻപ് ബാധിക്കപ്പെടുന്നവരുടെ വാദം കേൾക്കണമായിരുന്നു. ഇതു ലംഘിക്കപ്പെട്ടതോടെ സിഎജി റിപ്പോർട്ടിന്റെ അടിത്തറ ഇളക്കി. സർക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങൾ കേൾക്കാതെയുമാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് കൃത്യമായ അറിവില്ലാതെ തയാറാക്കിയ റിപ്പോർട്ട് രാഷ്ട്രീയ നിക്ഷ്പക്ഷതയുടേയും പ്രൊഫഷണൽ സമീപനത്തിന്റേയും ലംഘനമാണ്. പ്രമേയം പറയുന്നു.
ചേർത്ത് വായിക്കാൻ/ ചരിത്രത്തിൽ ഇല്ലാത്ത വിചിത്രമായ പ്രമേയമാണിത്. ചരിത്രത്തിൽ ആദ്യമായാണ് സി എ ജി റിപ്പോർട്ടിലെ പരാമർശങ്ങൾ കേരള നിയമസഭ നിരാകരിക്കുന്നത്. രാജ്യത്തെ ജനാധിപത്യ ഭരണഘടനാ സ്ഥാപനമായ സി എ ജി കേരളത്തിലെ വിഷയങ്ങളിൽ റിപ്പോർട്ടുകൾ തയ്യാറാക്കുമ്പോൾ മുഖ്യമന്ത്രിയോട് ചോദിച്ചും, ധന മന്ത്രി തോമസ് ഐസക്കിന്റെ അനുവാദം ചോദിച്ചും വേണം റിപ്പോർട്ട് തയ്യാറാക്കേണ്ടതെന്നാണ് സ്വേച്ഛാധിപത്യ നിലപാട് വ്യക്തമാക്കുന്ന പ്രമേയം ജനത്തോട് വിളിച്ചു പറയുന്നത്.