CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNationalNews

കേരളത്തിലെ കൊറോണ വ്യാപന ശേഷി കൂടിയതെന്ന് പഠനം

ജനിതകവ്യതിയാനം സംഭവിച്ചതും വ്യാപനശേഷി കൂടിയതുമായ കൊറോണ വൈറസാണ് കേരളത്തിൽ പടർന്നതെന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജും ഡൽഹിയിലെ സി.എസ്.ഐ.ആർ.-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റഡ് ബയോളജി’ യും ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തി.കേരളത്തിൽ കോവിഡ് വൈറസുകളുടെ ഉദ്ഭവവും വ്യാപനവും സംബന്ധമായി നടന്നുവരുന്ന ജനിതക ശാസ്ത്രീയ ഗവേഷണങ്ങളുടെ ആദ്യ പഠനറിപ്പോർട്ടാണിത്.വുഹാനിൽനിന്നെത്തിയ ആദ്യ രോഗികളുടെ സാംപിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനവിധേയമാക്കിയിരുന്നു.
കേരളത്തിൽ പഠനവിധേയമായ വൈറസുകളിലെ ജനിതകശ്രേണിയിൽ ‘ഡി 614 ജി’ എന്ന ജനിതക വ്യതിയാനമാണ് കണ്ടെത്തിയത്. ജനിതകവ്യതിയാനം സാധാരണമാണെങ്കിലും കേരളത്തിൽ കണ്ടെത്തിയത് വർധിച്ച വ്യാപനശേഷിയുള്ള വൈറസ് ഘടനയുള്ളതാണെന്നാണ് വിലയിരുത്തൽ. വൈറസ് വ്യാപനം നിയന്ത്രിക്കാൻ കൂടുതൽ ജാഗ്രതയും നിയന്ത്രണങ്ങളും ആവശ്യമാണെന്നും ഈ ഗവേഷണം വ്യക്തമാക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇതരസംസ്ഥാന യാത്രക്കാരിൽനിന്നാണ് ബഹുഭൂരിപക്ഷ വൈറസ് വ്യാപനവും ഉണ്ടായിട്ടുള്ളതെന്നാണ് പഠനം. അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന, ട്രാക്കിങ്, ക്വാറന്റീൻ എന്നിവ ഫലപ്രദമായിരുന്നെന്നും ഗവേഷണത്തിൽ വ്യക്തമായി.

   കോഴിക്കോട് മെഡിക്കൽ കോളേജിൽ സമീപ ജില്ലകളിൽനിന്നെത്തിയ രോഗികളിൽനിന്ന് ശേഖരിച്ച 170-ലധികം സാംപിളിന്റെ ജനിതക ശ്രേണി നിർണയമാണു നടത്തിയത്.  സി.എസ്.ഐ.ആർ ൻ്റെ നേതൃത്വത്തിലാണ് ജനിതകശ്രേണീനിർണയം നടത്തിയത്.ഗവേഷണത്തിന്റെ ഏകോപനച്ചുമതല ഡൽഹിയിൽ സി.എസ്.ഐ.ആറിലെ ഡോ. വിനോദ് സ്കറിയക്കായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലിന്റെയും വിവിധ വകുപ്പുകളിൽനിന്നുള്ള പതിന്നാല് ഡോക്ടർമാരുടെയും ഗവേഷകരുടെയും സജീവ പങ്കാളിത്തമുണ്ടായിരുന്നു. 
    നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വന്നുകൊണ്ടിരിക്കെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് തന്നെയാണ് പഠനം നൽകുന്ന സൂചന. വ്യാപന ശേഷി കൂടിയതിനാൽ തന്നെ സാമൂഹിക അകലത്തിൻ്റെ പ്രാധാന്യവും വർധിക്കുകയാണ്. അതേ സമയം കോവിഡ് വാക്സിൻ്റെ പരീക്ഷണം പുനരാരംഭിച്ചത് ആശ്വാസത്തിന് വകനൽകുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button