പുറത്താക്കാന്‍ സുധാകരന് അധികാരമില്ല; കോണ്‍ഗ്രസിന്റെ ഊര്‍ജം ചോര്‍ന്നെന്ന് കെ.വി. തോമസ്

കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് അധികാരമില്ലെന്ന് മുതിര്‍ന്ന നേതാവ് കെ.വി. തോമസ്. പുറത്താക്കിയ വിവരം തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ട കെ.വി. തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി കെ.സുധാകരന് അറിയിച്ചിരുന്നു.
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ വിവരം അറിയിക്കാനുള്ള അധികാരം എഐസിസിക്കാണ്. സുധാകരന് അതിനുള്ള അധികാരമില്ല. പുറത്താക്കിയ കാര്യം അറിയിക്കാന്‍ ഫോണില്‍ വിളിച്ചെന്നാണ് പറയുന്നത്. പക്ഷേ,എനിക്കങ്ങനെ ഒരു കോള്‍ വന്നിട്ടില്ല. അവര്‍ നമ്പര്‍ മാറി മറ്റാരെയെങ്കിലും വിളിച്ചിരിക്കാം- കെ.വി. തോമസ് പറഞ്ഞു.
തൃക്കാക്കരയില്‍ വികസനത്തിനൊപ്പമാണ് നിലകൊള്ളുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഊര്‍ജം നഷ്ടപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് എന്നുപറഞ്ഞ് ചിലര്‍ വെറുതെ നടക്കുകയാണ്. കോണ്‍ഗ്രസ് എന്ന
വാക്കിന്റെ പ്രസക്തി പോലും നഷ്ടപ്പെട്ടു. അസ്ഥികൂടമായി മാറിയിരിക്കുകയാണ് കോണ്‍ഗ്രസ്. മറ്റൊരു പാര്‍ട്ടിയിലേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.