സുധീരന്റെ രാജി: കോണ്‍ഗ്രസ് പാര്‍ട്ടി പൊട്ടിത്തെറിയിലേക്ക്
തിരുവനന്തപുരം: കെ. സുധാകരന്‍ കെപിസിസി അധ്യക്ഷനായി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ പൊട്ടിത്തെറി. സുധാകരന്റെ ഏകാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തി മിക്കവരും ചേക്കേറിയത് സിപിഎമ്മിലേക്ക്. കുറച്ചുപേര്‍ പോയത് എന്‍സിപിയിലേക്കും. ഏതായാലും മുന്‍ പ്രസിഡന്റുമാരായ വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ഇതുവരെ പാര്‍ട്ടി മാറിയിട്ടില്ല. മുന്‍ പ്രസിഡന്റുമാരെന്ന പരിഗണന കിട്ടുന്നില്ലെന്ന പരാതിയാണ് മുല്ലപ്പള്ളി ഉയര്‍ത്തുന്നത്.
എന്നാല്‍ സുധീരനാകട്ടെ പരാതി ഒന്നും ഉയര്‍ത്താതെ പദവികളെല്ലാം വലിച്ചെറിയുകയാണ് ചെയ്തത്. അനുനയിപ്പിക്കാന്‍ എത്തിയവരെ തിരിഞ്ഞുനോക്കാതെ സുധീരന്‍ സധൈര്യം മുന്നോട്ടു പോവുകയാണ്. ഗ്രൂപ്പില്ലാഗ്രൂപ്പിന്റെ വക്താവായ തന്നെ സുധാകരന്‍ അവഗണിച്ചെന്ന ഹൃദയവേദന അദ്ദേഹം വിവിധ പദവികള്‍ രാജിവച്ചാണ് പൊതുജനങ്ങളുമായി പങ്കുവയ്ക്കുന്നത്. വി.ഡി. സതീശനും കെ. സുധാകരനും ചേര്‍ന്ന് കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ തങ്ങളെ മുന്‍കൂട്ടി അറിയിക്കുന്നില്ലെന്ന അക്ഷന്തവ്യമായ അപരാധം പൊറുക്കാന്‍ ഇരുവര്‍ക്കും സാധിക്കില്ലെന്ന് വാക്കിലൂടെയും പ്രവര്‍ത്തികളിലൂടെയും അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു.
സുധാകരനാകട്ടെ ഇതൊന്നും കാണാനും കേള്‍ക്കാനും നേരമില്ല. ചില പ്രാദേശികനേതാക്കള്‍ സിപിഎമ്മിലേക്ക് കുടിയേറുമ്പോള്‍ അവര്‍ക്ക് കൂടെക്കൂട്ടാന്‍ കിട്ടുന്നത് സ്വന്തം നിഴല്‍മാത്രമാണെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ പറയുന്നത്. അധികാരമില്ലെങ്കില്‍ തങ്ങളുടെ ജീവിതം അവതാളത്തിലാണെന്ന തിരിച്ചറിവാണ് മിക്കവരെയും പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കുന്നത്. ഗ്രൂപ്പടിസ്ഥാനത്തില്‍ അധികാരക്കസേരകള്‍ പങ്കുവച്ചിരുന്ന കോണ്‍ഗ്രസ് പാരമ്പര്യം സുധാകരന്‍ പിന്തുടരാത്തതിലാണ് ചിലര്‍ക്ക് അമര്‍ഷം.
ഏതായാലും പാരമ്പര്യരീതികള്‍ പിന്തുടരാതെ പുതിയ രീതികള്‍ കൈക്കൊള്ളുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാതെ വന്‍ പൊട്ടിത്തെറിയിലേക്കാണ് കോണ്‍ഗ്രസ് പാര്‍ട്ടി നീങ്ങുന്നത്. ചര്‍ച്ചകളും ആശയവിനിമയവും വേണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. എന്തായാലും അവര്‍ ചെയ്തപോലെ പദവികളില്‍ ചാര്‍ച്ചക്കാരെ സുധാകരന്‍ നിയമിക്കുന്നില്ല, പകരം ചേര്‍ന്നുപോകുന്നവരെയാണ് നിയമിക്കുന്നത്. പ്രതീക്ഷിച്ച പദവി കിട്ടാതെ പിച്ചും പേയും പറയുന്നവരെ ഒഴിവാക്കി ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് സുധാകരന്‍ നടത്തുന്നത്.