
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അജയ് റെസ്തോഗി അധ്യക്ഷനായ ബെഞ്ച് വിശദമായ വാദം കേട്ടശേഷമാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിലെ പ്രതികളില്‍ പള്‍സര്‍ സുനി മാത്രമാണ് കഴിഞ്ഞ അഞ്ചരവര്‍ഷമായി ജയിലില്‍ കഴിയുന്നതെന്ന് പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു. മറ്റ് പ്രതികള്‍ പലഘട്ടങ്ങളിലായി ജാമ്യം നേടി.
കൃത്യത്തിന് പണം നല്കിയ നടന് ഉള്‍പ്പെടെ പുറത്തിറങ്ങിയ സാഹചര്യത്തില്‍ സുനിക്കും ജാമ്യം നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന് വാദിച്ചു. യാതൊരു കാരണവശാലും സുനിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ആവശ്യപ്പെട്ടു. വീഡിയോ ദൃശ്യങ്ങള്‍ അടക്കം സുനിക്കെതിരെ തെളിവായുണ്ട്.
കൂടാതെ പ്രതിക്കെതിരെ വ്യക്തമായ മൊഴി അതിജീവിത നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞു. തുടരന്വേഷണം നീളുന്ന സാഹചര്യത്തില്‍കൂടി ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാല്‍ അന്വേഷണം നടക്കുന്ന കേസില്‍ ഇടപെടാന്‍ കോടതിക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയാണ് പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയത്.
Post Your Comments