കേന്ദ്രത്തെ വിമർശിക്കുന്നതും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നതും രാജ്യദ്രോഹമല്ല: സുപ്രീംകോടതി

ന്യൂ ഡെൽഹി: കേന്ദ്രത്തിന്റെ തീരുമാനങ്ങളെ വിമർശിക്കുന്നതും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നതും രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി. ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാല്പര്യ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി പരാമർശം.
ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന അനുച്ഛേദം 370 റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ ഫാറൂഖ് അബ്ദുളള നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരേയാണ് പൊതുതാല്പര്യ ഹർജി സമർപ്പിക്കപ്പെട്ടിരുന്നത്.
പ്രശ്നത്തിൽ ഫാറൂഖ് അബ്ദുളള പാകിസ്താന്റെയും ചൈനയുടെയും സഹായം തേടിയതായും ഹർജിയിൽ ആരോപണമുണ്ട്. എന്നാൽ ആരോപണങ്ങൾ സ്ഥിരീകരിക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട കോടതി ഹർജിക്കാരന് 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
ഫാറൂഖ് അബ്ദുളള രാജദ്രോഹ പരാമർശം നടത്തുന്നതായി 2020 ഒക്ടോബറിൽ ബിജെപിയും ആരോപണം ഉന്നയിച്ചിരുന്നു. ഫാറൂഖ് അബ്ദുളള ചൈനയിൽ ഒരു ഹീറോ ആയിക്കഴിഞ്ഞെന്ന് ബിജെപി ദേശീയ വക്താവ് സംപിത് പത്ര പറഞ്ഞിരുന്നു. ചൈനയുടെ പിന്തുണയുടെ പ്രവർത്തിക്കുന്ന ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്ന് ഫാറൂഖ് അബ്ദുളള ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം ആരോപിച്ചു.