മരിച്ചിട്ടില്ലെന്ന് നിത്യാനന്ദ; ‘കൈലാസത്തില്‍’ സമാധിയെന്നും ആള് ദൈവം

ചെന്നൈ: വിവാദ നായകനായ സ്വയം പ്രഖ്യാപിത ആള് ദൈവം സ്വാമി നിത്യാനന്ദ വീണ്ടും വാര്‍ത്തകളില്‍. താന്‍ മരിച്ചിട്ടില്ലെന്നും സമാധി അവസ്ഥയിലാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിത്യാനന്ദ വെളിപ്പെടുത്തി. നിത്യാനന്ദ മരിച്ചെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു.
ഞാന്‍ മരിച്ചിട്ടില്ല. സമാധിയിലാണ്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെയും എനിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നവരെയും ഒഴിവാക്കൂ- അനുയായികളോട് നിത്യാനന്ദ പറഞ്ഞു.
ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയായ നിത്യാനന്ദ ഇക്വഡോറില്‍ കൈലാസ് എന്ന പേരില്‍ സ്വന്തമായി ദ്വീപുണ്ടാക്കി താമസിക്കുകയാണ്. ഫെയ്സ്ബുക്ക് വഴിയാണ് നിത്യാനന്ദ അനുയായികളോട് സംസാരിക്കുന്നത്. അതേസമയം, നിത്യാനന്ദയ്ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആള്‍ക്കാരെ തിരിച്ചറിയാനോ സ്ഥലങ്ങളും പേരുകളും മനസിലാക്കാനോ നിത്യാനന്ദയ്ക്ക് സാധിക്കുന്നില്ലെന്നാണ് വിവരം. ഡോക്ടര്‍മാരുടെ വലിയ സംഘം നിത്യാനന്ദയെ ചികിത്സിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. നിത്യാനന്ദയുടെ കൃത്രിമ ദ്വീപ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.