ലൈഫ് മിഷന്‍ കേസില്‍ സ്വപ്‌ന ഇന്ന് സിബിഐയുടെ മുന്നിലേക്ക്
KeralaNews

ലൈഫ് മിഷന്‍ കേസില്‍ സ്വപ്‌ന ഇന്ന് സിബിഐയുടെ മുന്നിലേക്ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിനെ ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് ഇന്ന് സിബിഐ ചോദ്യം ചെയ്യും. വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസ് സംബന്ധിച്ച് ചോദ്യം ചെയ്യാനായി ഇന്ന് രാവിലെ 10ന് കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് സമുച്ചയം പണിതതില്‍ അഞ്ച് കോടിയോളം രൂപയുടെ കോഴ ഇടപാട് നടന്നെന്നാണ് ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടരി എം. ശിവശങ്കര്‍, യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരടക്കം നിരവധി പേര്‍ക്ക് അഴിമതിയില്‍ പങ്കുള്ളതായാണ് ആരോപണം. അഴിമതി നടത്താന്‍ ഇടനിലക്കാരിയായി നിന്നത് സ്വപ്‌ന സുരേഷ് ആണെന്ന് എഫ്‌ഐആറില്‍ പറയുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും കെ.ടി. ജലീല്‍, പി. ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കേസുമായി ബന്ധപ്പെട്ട് സ്വപ്‌നയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. താന്‍ നല്‍കിയ രഹസ്യമൊഴിയുടെ വിവരങ്ങളാണ് ഈ ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കി സ്വപ്‌ന ഒരു ഉപഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഉപഹര്‍ജിയും ഇതൊടാപ്പം പരിഗണിക്കും. സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പാവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത നായര്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Related Articles

Post Your Comments

Back to top button