മൊഴി മാറ്റാനായി മുഖ്യമന്ത്രിക്കുവേണ്ടി ഷാജി കിരണ്‍ എന്നയാള്‍ സമീപിച്ചു; ഹൈക്കോടതിയില്‍ സ്വപ്‌ന നല്‍കിയ ഹര്‍ജിയില്‍ ഗുരുതര ആരോപണങ്ങള്‍
NewsKerala

മൊഴി മാറ്റാനായി മുഖ്യമന്ത്രിക്കുവേണ്ടി ഷാജി കിരണ്‍ എന്നയാള്‍ സമീപിച്ചു; ഹൈക്കോടതിയില്‍ സ്വപ്‌ന നല്‍കിയ ഹര്‍ജിയില്‍ ഗുരുതര ആരോപണങ്ങള്‍

കൊച്ചി: മുഖ്യമന്ത്രിക്കുവേണ്ടി ഷാജി കിരണ്‍ എന്നയാള്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ വന്നതെന്ന് ഷാജി പറഞ്ഞു. ഇന്നുരാവിലെ 10ന് മുന്‍പ് മൊഴി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് അന്ത്യശാസനം നല്‍കി. ഷാജി സംസാരിച്ചതിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും സ്വപ്‌ന പറയുന്നു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ഈ കാര്യങ്ങള്‍. സ്വപ്‌നയ്‌ക്കൊപ്പം സരിത്തും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്. എട്ടാംതീയതി 1.30ന് മൊഴി മാറ്റാന്‍ മുഖ്യമന്ത്രിക്കായി തന്നെ ഒരാള്‍ സമീപിച്ചുവെന്നാണ് സ്വപ്‌ന ഹര്‍ജിയില്‍ ആരോപിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും അടുത്ത സൗഹൃദമുണ്ടെന്ന് ഷാജി കിരണ്‍ പറഞ്ഞു. കെ പി യോഹന്നാന്റെ ഒരു സംഘടനയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ വിദേശത്തെ കാര്യങ്ങളൊക്കെ നോക്കുന്നത് അയാളാണെന്ന് തന്നെ പരിചയപ്പെടുത്തിയാണ് സമീപിച്ചത്. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനുള്ള 41 ആര്‍ 0500 എന്ന ടൊയോട്ട കാറിലാണ് ഇയാള്‍ വന്നത്. മുഖ്യമന്ത്രിക്കെതിരെ താന്‍ നല്‍കിയിട്ടുള്ള മൊഴി തിരുത്തി പറയണമെന്നാണ് ഷാജി കിരണ്‍ ആവശ്യപ്പെട്ടത്. ഇതിനായി ഇന്ന് രാവിലെ 10 വരെ സമയം നല്‍കും. ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രേരണയാലാണ് മൊഴി നല്‍കിയതെന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലിടണം.

അങ്ങനെ ചെയ്തില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും. ഇപ്പോഴുള്ള കേസില്‍ ദീര്‍ഘകാലം ജയിലില്‍ കിടക്കേണ്ടിവരുമെന്നും ഷാജി കിരണ്‍ തന്നെ ഭീഷണിപ്പെടുത്തി. ഇയാളുടെ സംസാരം റെക്കോഡ് ചെയ്തിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഇത് കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി. ഈ കേസില്‍ തന്നെ തെറ്റായി പ്രതിചേര്‍ത്ത് ജയിലിലടയ്ക്കാന്‍ സമ്മര്‍ദമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചു. മുന്‍മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ എടുത്ത കേസിലാണ് സ്വപ്‌ന സുരേഷും സരിത്തും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Post Your Comments

Back to top button