Kerala NewsLatest News

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല

തിരുവനന്തപുരം: കേന്ദ്രം അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല. 15 മുതല്‍ നിയന്ത്രണങ്ങളോടെ തീയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിരുന്നു. എന്നാല്‍ കേരളത്തില്‍ അനുകൂല സാഹചര്യമില്ലെന്നു കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ വിലയിരുത്തി.

ചര്‍ച്ചയില്‍ ചെയര്‍മാനു പുറമേ എംഡി എന്‍ മായയും ഫിയോക്, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, എക്സിബിറ്റേഴ്സ് അസോസിയേഷന്‍, എക്സിബിറ്റേഴ്സ് ഫെഡറേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, ഫിലിം ചേമ്പർ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. യോഗത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാരിനെ കോര്‍പ്പറേഷന്‍ അറിയിക്കും.തിയേറ്ററുകള്‍ പൂട്ടിക്കിടക്കുന്നതിനാല്‍ സിനിമാമേഖല വലിയ പ്രതിസന്ധിയിലാണെന്നു സംഘടനാ നേതാക്കള്‍ പറഞ്ഞു. പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം പലവട്ടം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അതു പരിഗണിക്കാതെ സിനിമകള്‍ നല്‍കിയിട്ട് കാര്യമില്ലെന്ന് നേരത്തെത്തന്നെ വ്യക്തമാക്കിയിരുന്നതായി അവര്‍ പറഞ്ഞു.

നിലവിലെ കൊവിഡ് വ്യാപനം കണക്കിലെടുത്താല്‍ ഒരുമാസംകൂടിയെങ്കിലും തിയേറ്ററുകള്‍ അടഞ്ഞുകിടക്കും. തുറന്നാല്‍ത്തന്നെ സിനിമ കാണാന്‍ ആരും എത്തുമെന്നു പ്രതീക്ഷിക്കാനാവില്ല. നിര്‍മാതാക്കളും വിതരണക്കാരും സിനിമ നല്‍കിയാല്‍ ട്രയല്‍റണ്‍ എന്നനിലയില്‍ കോര്‍പ്പറേഷന്റെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച്‌ സ്ഥിതി വിലയിരുത്താമെന്ന നിര്‍ദേശം കെഎസ്‌എഫ്ഡിസി മുന്നോട്ടുവെച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button