സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് താലിബാന്; ലംഘിച്ചാല്‍ ഭര്‍ത്താവോ പിതാവോ നടപടി നേരിടും

കാബുള്‍: സ്ത്രീകള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ രാജ്യാന്തര തലത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെ അഫ്ഗാനിസ്ഥാനില്‍ പുതിയ ഉത്തരവുമായി താലിബാന്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ മുഖം മറയ്ക്കണമെന്നും ബുര്‍ഖ ധരിക്കണമെന്നും താലിബാന് ഉത്തരവിട്ടു. പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്സാദയുടേതാണ് നിര്‍ദേശം. ഉത്തരവ് ലംഘിച്ചാല്‍ ഭര്‍ത്താവിനെതിരെയോ പിതാവിനെതിരെയോ അടുത്ത ബന്ധുവിനെതിരെയോ നടപടി എടുക്കുമെന്നും മുന്നറിയിപ്പുണ്ട്.
താലിബാന് അധികാരത്തില്‍ തിരിച്ചെത്തിയതിന് പിന്നാലെ അഫ്ഗാനില്‍ പല സ്ത്രീകളും മുഖം മറയ്ക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ തലസ്ഥാനമായ കാബുള്‍ ഉള്‍പ്പെടെ പ്രധാന നഗരങ്ങങ്ങളില്‍ സ്ത്രീകള്‍ മുഖം മറയ്ക്കാതിരിക്കുന്നതാണ് പുതിയ ഉത്തരവിറക്കാന്‍ താലിബാനെ പ്രേരിപ്പിച്ചത്. 1996 മുതല്‍ 2001 വരെയുള്ള താലിബാന് ഭരണകാലത്ത് സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന നീല ബുര്‍ഖ തന്നെയാണ് അഭികാമ്യമെന്നും താലിബാന് അറിയിച്ചു.