
സോഷ്യൽ മീഡിയ കുട്ടികളെയും കൗമാരക്കാരെയും ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് സർജൻ ജനറൽ. യുണൈറ്റഡ് സ്റ്റേറ്റ്സ് സർജൻ ജനറൽ ഡോ. വിവേക് മൂർത്തിയാണ് ഇതു സംബന്ധിച്ച് 19 പേജുള്ള റിപ്പോർട്ട് തയ്യാറാക്കിയത്. കൗമാരക്കാരുടെ മാനസികാരോഗ്യത്തെ സോഷ്യൽ മീഡിയ എങ്ങനെയാണ് ബാധിക്കുന്നത് എന്ന കാര്യം പൂർണമായി മനസിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സോഷ്യൽ മീഡിയ ചില ഉപയോക്താക്കൾക്ക് പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെയും ക്ഷേമത്തെയും സോഷ്യൽ മീഡിയ സാരമായി ബാധിക്കുമെന്നും അദ്ദേഹം കണ്ടെത്തി.
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ഓരോ കുടുംബത്തെയും സഹായിക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി സാമൂഹിക ബന്ധങ്ങൾ കെട്ടിപ്പടുക്കാനും മറ്റുള്ളവരുമായുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കാനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനും ഒത്തുചേരലുകൾ പ്രോത്സാഹിപ്പിക്കാനുമാണ് സർജൻ ജനറൽ ശുപാർശ ചെയ്യുന്നത്. ഓരോ കുടുംബങ്ങളും ഒരു സോഷ്യൽ മീഡിയ പ്ലാൻ തയ്യാറാക്കുന്നത് നന്നായിരിക്കും എന്നും വ്യക്തിപരമായി വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സോഷ്യൽ മീഡിയ ഉപയോഗവും കൗമാരക്കാർക്കിടയിലെ മാനസികപ്രശ്നങ്ങളും സംബന്ധിച്ച് സമീപ വർഷങ്ങളിൽ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. അവയിൽ കൂടുതലും സോഷ്യൽ മീഡിയ ഇവരിലുണ്ടാക്കുന്ന ദൂഷ്യവശങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. എന്നാൽ, സോഷ്യൽ മീഡിയ കൗമരക്കാരിൽ പോസിറ്റീവും നെഗഗറ്റീവും ആയ സ്വാധീനം ചെലുത്തുമെന്ന് ഡോ. വിവേക് മൂർത്തി പറയുന്നു. സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം മൂലം ഉറക്കം, വ്യായാമം പോലുള്ള കാര്യങ്ങൾക്ക് പലരും മുൻഗണന നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരുമായി ബന്ധപ്പെടാനാകുന്നതും സ്വയം പ്രകടിപ്പിക്കാനാകുന്നതുമൊക്കെ നല്ല കാര്യങ്ങളാണെന്നും ഈ അർത്ഥത്തിൽ നിരവധി യുവാക്കൾ അതിനെ പ്രയോജനപ്പെടുത്തുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments