അധ്യാപകര്‍ക്ക് ശമ്പളം നല്‍കാത്ത കോളേജ് മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടിക്കൊരുങ്ങി സാങ്കേതിക സര്‍വകലാശാല
NewsKeralaLocal NewsHealth

അധ്യാപകര്‍ക്ക് ശമ്പളം നല്‍കാത്ത കോളേജ് മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടിക്കൊരുങ്ങി സാങ്കേതിക സര്‍വകലാശാല

തിരുവനന്തപുരം: അധ്യാപകര്‍ക്ക് ശമ്പളം നല്‍കാത്ത സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളില്‍ പരിശോധന നടത്താന്‍ സാങ്കേതിക സര്‍വകലാശാല. കര്‍ശന പരിശോധന നടത്താന്‍ പ്രത്യേക കമ്മിറ്റിയെ സര്‍വകലാശാല ചുമതലപ്പെടുത്തി. ആദ്യഘട്ടത്തില്‍ ആറ് കോളേജുകളില്‍ പരിശോധന നടത്തും. ശമ്പള വിതരണത്തില്‍ വീഴ്ച വരുത്തുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം.പല സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളും അധ്യാപകര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുന്നില്ല എന്ന പരാതി ഏറെ നാളുകളായി ഉയരുന്നുണ്ട്. വിഷയത്തില്‍ ഇടപെടണമെന്ന് ഹൈക്കോടതി പലതവണ സര്‍വകലാശാലയ്ക്ക് നിര്‍ദ്ദേശവും നല്‍കി. ഇതേത്തുടര്‍ന്നാണ് അധ്യാപകരുടെ പരാതി പ്രകാരം പരിശോധനയുമായി മുന്നോട്ടു പോകാന്‍ സര്‍വകലാശാല തീരുമാനിച്ചത്. എല്ലാ കോളേജുകളും എ.ഐ.സിറ്റി.ഇ, യു.ജി.സി എന്നിവ നിശ്ചയിക്കുന്ന ശമ്പളം നല്‍കണമെന്ന് സര്‍വകലാശാല പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ ദ്ദേശിച്ചിട്ടുണ്ട്.

അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ശമ്പളം നല്‍കാമെന്ന മാനേജ്മെന്റ് സത്യവാങ്മൂലത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കോളജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കിയത്. ശമ്പളം നല്‍കാതിരിക്കുന്നത് അഫിലിയേഷന്‍ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും സര്‍വകലാശാല ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. രാജിവച്ചവരുടെ ശമ്പളകുടിശികയും നിക്ഷേപവും നല്‍കിയില്ലെങ്കിലും നടപടിയുണ്ടാകും. ഇതു പ്രകാരം പരാതി ഉയര്‍ന്ന കോളേജുകളില്‍ അടിയന്തരമായി പരിശോധന നടത്താനാണ് തീരുമാനം.പരിശോധനയ്ക്കായി സിന്‍ഡിക്കേറ്റ് തലത്തില്‍ ഒരു സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. ഈ സമിതി സബ് കമ്മിറ്റികള്‍ മുഖേന കോളേജുകളില്‍ പരിശോധന നടത്തും. ശേഷം തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികളെ കുറിച്ച് സര്‍വകലാശാല തീരുമാനമെടുക്കുക. നിര്‍ദ്ദേശം നല്‍കിയിട്ടും അനുസരിക്കാത്ത കോളേജുകളുടെ അഫിലിയേഷന്‍ റദ്ദാക്കുന്നതടക്കം സര്‍വകലാശാലയുടെ പരിഗണനയിലുണ്ട്.

Related Articles

Post Your Comments

Back to top button