മോദിയെ ലക്ഷ്യമിട്ട ഭീകരാക്രമണം തകര്‍ത്തു: മുന്‍ പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ അറസ്റ്റില്‍
NewsNationalPolitics

മോദിയെ ലക്ഷ്യമിട്ട ഭീകരാക്രമണം തകര്‍ത്തു: മുന്‍ പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ അറസ്റ്റില്‍

പറ്റ്‌ന: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് ആക്രമണം ആസൂത്രണം ചെയ്ത രണ്ട് തീവ്രവാദികള്‍ പോലീസ് പിടിയില്‍. അഥര്‍ പര്‍വേസ്, മുഹമ്മദ് ജലാലുദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ബിഹാറിലെ ഫുല്‍വാരി ഷരീഫ് മേഖലയില്‍ നിന്നും പിടിയിലായ ഇവരില്‍ മുഹമ്മദ് ജലാലുദീന്‍ ഝാര്‍ഖണ്ഡ് പോലീസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്.

ജൂലൈ 12ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന് നേരെ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും ഇതിനായി ആളുകള്‍ക്ക് ആയുധ പരിശീലനം നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഫല്‍വാരി ഷെരീഫിലെ ഒരു ഓഫീസില്‍ ബിഹാര്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ഇവരുടെ ഓഫീസില്‍ നിന്നും തീവ്രലഘുലേഖകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

2047 ഓടെ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവര്‍ത്തനം. ഇതിനായി തുര്‍ക്കി അടക്കമുള്ള തീവ്രഇസ്ലാമിക രാഷ്ട്രങ്ങളുടെ സഹായം ലഭ്യമാകുമെന്നും ലഘുലേഖകളില്‍ പറയുന്നു. പറ്റ്‌നയില്‍ ആയോധന കലയും ശാരീഅത്ത് വിദ്യാഭ്യാസവും നല്‍കാനായി ജലാലുദീനും അഥറും ഒരു പരിശീലന കേന്ദ്രം നടത്തുന്നുണ്ട്.

ഇവിടെ എത്തുന്നവരെ ഹിന്ദുക്കള്‍ക്കെതിരെ തിരിക്കുകയാണ് ഇവരുടെ രീതി. കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നായി നിരവധി ആളുകള്‍ ഇവിടം സന്ദര്‍ശിച്ചതായി പോലീസ് വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും എസ്ഡിപിഐയുടെയും സജീവ പ്രവര്‍ത്തകനാണ് അഥര്‍ പര്‍വേസ്.

Related Articles

Post Your Comments

Back to top button