വാഷിങ്ടണ്‍: അമേരിക്കയിലെ പ്രൈമറി സ്കൂളില്‍ പതിനെട്ടുകാരന് നടത്തിയ വെടിവയ്പ്പില്‍ കുട്ടികളും അധ്യാപകരും അടക്കം 21 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
ടെക്സാസിലെ റോബ് എലമന്ററി സ്കൂളിലാണ് ചൊവ്വാഴ്ച ദാരുണസംഭവം അരങ്ങേറിയത്. കാറില്‍ സ്കൂളിലേക്കെത്തിയ സാല്‍വദോര്‍ റാമോസ് എന്ന യുവാവ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നേരെ തുരുതുരെ നിറയൊഴിക്കുകയായിരുന്നു. മരിച്ചവരില്‍ 19 പേര് കുട്ടികളാണ്. എല്ലാം ഏഴിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍. സംഭവത്തിനുശേഷം രക്ഷപെടാന്‍ ശ്രമിച്ച റാമോസിനെ അമേരിക്കന്‍ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ സേനാംഗങ്ങള്‍ വെടിവച്ചുകൊന്നു.

അമ്മൂമ്മയെ വെടിവച്ചശേഷമാണ് യുവാവ് സ്കൂളില്‍ എത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്മൂമ്മ പിന്നീട് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. പതിനെട്ടാം പിറന്നാള്‍ ദിനത്തില്‍ റാമോസ് രണ്ട് തോക്കുകള്‍ വാങ്ങിയതായി പറയപ്പെടുന്നു. തോക്കുകളുടെ ചിത്രങ്ങള്‍ റാമോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അമേരിക്കയില്‍ തോക്ക് ഉപയോഗിച്ചുള്ള കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഈ സാഹചര്യത്തില്‍ തോക്ക് കൈവശം വയ്ക്കുന്നത് വിലക്കണമെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

Post Your Comments