'രക്തസാക്ഷികളെ ആദരിക്കുന്ന സംസ്‌കാരമാണ് സഭയുടേത്'; ബിഷപ് പാംപ്ലാനിയുടെ പ്രസംഗം വളച്ചൊടിച്ചെന്ന് തലശേരി അതിരൂപത
KeralaNewsPolitics

‘രക്തസാക്ഷികളെ ആദരിക്കുന്ന സംസ്‌കാരമാണ് സഭയുടേത്’; ബിഷപ് പാംപ്ലാനിയുടെ പ്രസംഗം വളച്ചൊടിച്ചെന്ന് തലശേരി അതിരൂപത

കണ്ണൂര്‍: രക്തസാക്ഷികള്‍ക്കെതിരെ ബിഷപ് ജോസഫ് പാംപ്ലാനി നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കി തലശേരി അതിരൂപത. ആര്‍ച്ച് ബിഷപ്പിന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തെന്നും രക്തസാക്ഷികളെ ആദരിക്കുന്ന സംസ്‌കാരമാണ് സഭയുടേതെന്നും അതിരൂപത വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ചില രാഷ്ടീയ രക്തസാക്ഷികള്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് ബലിയാടായവരാണ്. അവരെ അനുകരിക്കരുത് എന്നാണ് ആര്‍ച്ച് ബിഷപ് ഉദ്ദേശിച്ചതെന്നാണ് വിശദീകരണം. വിവാദ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് അതിരൂപത രംഗത്തെത്തിയിട്ടുള്ളത്.

‘ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരെപ്പോലെ വിശ്വാസത്തിന് വേണ്ടി ധീരമായി നിലപാടെടുക്കണം എന്നതായിരുന്നു യുവജന സമ്മേളനത്തിന്റെ പ്രമേയം. അപ്പസ്തോലന്മാരെപ്പോലെ ആദര്‍ശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വേണ്ടി രക്തസാക്ഷിത്വം വരിക്കുന്നവരുണ്ട്. അപരന്റെ നന്മയെ ലക്ഷ്യമാക്കിയുള്ള ഇത്തരം രക്തസാക്ഷിത്വങ്ങള്‍ മൂല്യമുള്ളതാണ്. ഇപ്രകാരം രക്തസാക്ഷിത്വം വരിച്ചവരില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ അനേകം രാഷ്ട്രീയ പ്രവര്‍ത്തകരുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ ചില രാഷ്ടീയ രക്തസാക്ഷികള്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് ബലിയാടായവരാണ്. അവരെ അനുകരിക്കരുത് എന്നാണ് ആര്‍ച്ച് ബിഷപ് ആഹ്വാനം ചെയ്തത്’ പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

കണ്ടവരോട് അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റും പ്രകടനത്തിനിടെ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണ് മരിച്ചവരും രാഷ്ട്രീയ രക്തസാക്ഷികളില്‍ ഉണ്ടാകുമെന്നായിരുന്നു പാംപ്ലാനിയുടെ വാക്കുകള്‍. കണ്ണൂര്‍ ചെറുപുഴയിലെ കെ സി വൈ എം സംഘടിപ്പിച്ച യുവജന ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യവെയായിരുന്നു പാംപ്ലാനിയുടെ വിവാദ പരാമര്‍ശം.

Related Articles

Post Your Comments

Back to top button