തലശേരി നഗരസഭ സ്ഥാപനം പൂട്ടിച്ചതിനെത്തുടര്‍ന്ന് കാണാതായ ദമ്പതികളെ കണ്ടെത്തി
NewsKerala

തലശേരി നഗരസഭ സ്ഥാപനം പൂട്ടിച്ചതിനെത്തുടര്‍ന്ന് കാണാതായ ദമ്പതികളെ കണ്ടെത്തി

കണ്ണൂര്‍: തലശേരി നഗരസഭ വ്യവസായ സ്ഥാപനം അടപ്പിച്ചതിനെത്തുടര്‍ന്ന് നാടുവിട്ട സംരംഭക ദമ്പതികളെ കോയമ്പത്തൂരില്‍ കണ്ടെത്തി. പ്രമുഖ ബാലസാഹിത്യകാരനും അധ്യാപക അവാര്‍ഡ് ജേതാവുമായിരുന്ന കെ. തായാട്ടിന്റെ മകന്‍ പാനൂര്‍ താഴെചമ്പാട് തായാട്ട് വീട്ടില്‍ രാജ് കബീര്‍ (58), ഭാര്യ ശ്രീദിവ്യ (48) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായത്.

തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇരുവരെയും ഇന്ന് തലശേരിയിലെത്തിക്കും. തലശേരി കണ്ടിക്കലിലെ മിനി വ്യവസായ പാര്‍ക്കില്‍ 18 വര്‍ഷമായി ഫര്‍ണിച്ചര്‍ സ്ഥാപനം നടത്തിവരികയായിരുന്ന ഇവരുടെ സ്ഥാപനത്തിന്റെ ലൈസന്‍സ് കയ്യേറ്റം ആരോപിച്ച് നഗരസഭ റദ്ദാക്കിയിരുന്നു. ഇതോടെ മനം മടുത്ത് നാടു വിടുന്നു എന്ന് കത്തെഴുതി വച്ചാണ് ഇവര്‍ നാടുവിട്ടത്.

കടുത്ത ഭീഷണിയും ദയാരഹിത പ്രവര്‍ത്തനങ്ങളുമുണ്ടെന്നും സ്ഥാപനം മറ്റുള്ളവര്‍ക്ക് കൈമാറാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നും ഇവര്‍ സന്ദേശത്തില്‍ അറിയിച്ചിരുന്നു. പത്തു ജീവനക്കാരുള്ള സ്ഥാപനം നഗരസഭ അടച്ചുപൂട്ടുകയും നാല് ലക്ഷം രൂപ പിഴ ചുമത്തുകയുമായിരുന്നു. ദമ്പതിമാര്‍ നാടുവിട്ടതിനു പിന്നാലെ സ്ഥാപനം തുറന്നുകൊടുക്കാന്‍ ഉത്തരവിട്ട നഗരസഭ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്ത നടപടി പിന്‍വലിക്കുകയും ചെയ്തിരുന്നു.

Related Articles

Post Your Comments

Back to top button