സജി ചെറിയാന്റെ പ്രസംഗം ചോര്‍ത്തിയവരെ കണ്ടെത്തണമെന്ന ആവശ്യവുമായി ഏരിയ കമ്മിറ്റി
NewsKeralaPolitics

സജി ചെറിയാന്റെ പ്രസംഗം ചോര്‍ത്തിയവരെ കണ്ടെത്തണമെന്ന ആവശ്യവുമായി ഏരിയ കമ്മിറ്റി

പത്തനംതിട്ട: സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റി യോഗത്തില്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗം ചോര്‍ന്നത് അന്വേഷിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം. യോഗത്തില്‍ പ്രസംഗത്തിനെതിരെയല്ല, മറിച്ച് പ്രസംഗം ചോര്‍ന്നതിനെതിരെയാണ് വിമര്‍ശനമുയര്‍ന്നത്. പാര്‍ട്ടിയില്‍ വിഭാഗീയത വീണ്ടും തലപൊക്കുന്നു എന്ന ആശങ്കയാണ് മുതിര്‍ന്ന നേതാക്കള്‍ പങ്കുവയ്ക്കുന്നത്.

പ്രസംഗം ചോര്‍ത്തിയത് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരാണെന്ന നിഗമനത്തിലാണ് ഏരിയ കമ്മിറ്റി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ സിപിഎം ഏരിയ കമ്മിറ്റിയുടെ പരിപാടിയില്‍ ഞായറാഴ്ചയായിരുന്നു മന്ത്രിയുടെ വിവാദപ്രസംഗം. ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത് എന്നാണ് മന്ത്രി പറഞ്ഞത്. മല്ലപ്പള്ളി സിപിഎം ഏരിയ കമ്മിറ്റിയുടെ ഫേസ്ബുക് പേജില്‍ പ്രസംഗത്തിന്റെ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. പ്രസംഗം വിവാദമായതോടെ ഇത് നീക്കി. സജി ചെറിയാന്‍ തത്കാലം രാജി വയ്ക്കേണ്ടെന്നാണ് സിപിഎം അവെയ്ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലെ ധാരണ.

കേസ് കോടതിയില്‍ എത്താത്തത് കണക്കിലെടുത്താണ് തീരുമാനം. സിപിഎം അവെയ്ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ എന്തിന് രാജി വയ്ക്കണമെന്ന മറുചോദ്യമാണ് സജി ചെറിയാന്‍ ഉന്നയിച്ചത്. സംഭവിച്ചത് നാക്ക്പിഴയെന്ന് യോഗത്തില്‍ സജി ചെറിയാന്‍ വിശദീകരിച്ചു. വിമര്‍ശിക്കാന്‍ ശ്രമിച്ചത് ഭരണകൂടത്തെയാണ്. ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നും സജി ചെറിയാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് മുമ്പാകെ വ്യക്തമാക്കി.

ഭരണഘടനയ്ക്കെതിരായ ചെറിയാന്റെ പ്രസംഗം വിവാദമായതോടെ പരുങ്ങലിലായ സര്‍ക്കാര്‍ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നാക്ക് പിഴയാകാമെന്നും രാജി വേണ്ടെന്നും ആണ് സിപിഎം നിലപാട്. പിന്നീട് പ്രസംഗത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍ തന്നെ രംഗത്തെത്തി. നിയമസഭയില്‍ വിശദീകരണം നടത്തിയ സജി ചെറിയാന്‍ പറഞ്ഞത് തന്റെ പ്രസംഗത്തെ വളച്ചൊടിച്ചു എന്നാണ്. ഭരണകൂടത്തെ ആണ് വിമര്‍ശിച്ചത്. ഭരണഘടനയെ അല്ല. തെറ്റിദ്ധാരണ ഉണ്ടാക്കും വിധം തന്റെ പ്രസംഗം വ്യാഖ്യാനിക്കാനിടയായതില്‍ ഖേദവും ദുഃഖവും രേഖപ്പെടുത്തുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. മറ്റന്നാള്‍ വിശദമായി പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. രാജ്യദ്രോഹപരമായ പരാമര്‍ശങ്ങളാണ് പ്രസംഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം ഉണ്ടായിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. ഈ വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കീഴ്വായ്പൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതിനാല്‍ വിവാദ പ്രസംഗത്തില്‍ മന്ത്രിക്കെതിരെ കേസെടുക്കാന്‍ നിര്‍ശേിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Post Your Comments

Back to top button