സ്വപ്‌ന സുരേഷിന്റെ മൊഴി ചോര്‍ന്ന സംഭവത്തിൽ അസിസ്റ്റന്റ് കമ്മീഷണറെ മാറ്റി

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി ചോര്‍ന്ന സംഭവത്തിൽ അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍ എസ് ദേവിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ നിന്നും മാറ്റി. എൻ ഐ എ യുടെ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് സ്വപ്നയിൽ നിന്നും എടുത്ത മൊഴിയാണ് ചോർന്നിരുന്നത്. മൊഴിയിലെ ഒരു ഭാഗം ചോര്‍ന്നതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോര്‍ന്നത് പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും, ആരോപണം ഉണ്ടായി. സ്വപ്‌ന സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ മൊഴിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെ കുറിച്ച് പറയുന്ന ഭാഗം മാത്രമാണ് ചോര്‍ന്നത്.
സ്വപ്നയെ എന്‍ഐഎ അറസ്റ്റ് ചെയ്ത ശേഷം കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങിയപ്പോള്‍ നല്‍കിയ മൊഴിയാണ് ചോര്‍ന്നത്. ഇത് സോഷ്യല്‍മീഡിയ വഴി ആദ്യം പ്രചരിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട മൊഴി ചോർന്നത് കേസന്വേഷണത്തെ ബാധിക്കുന്നതരത്തിലാണെന്നു മറ്റു കേന്ദ്ര ഏജൻസികളും കസ്റ്റംസിനെ അരിയിച്ചിരുന്ന സാഹചര്യത്തിലാണ്, ആഭ്യന്തര വിജിലൻസിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് കമ്മീഷണറെ മാറ്റുന്നത്.