
കൊച്ചി: റബ്ബര്‍ വില കൂട്ടിയാല്‍ ബിജെപിയെ വോട്ടുചെയ്തു വിജയിപ്പിക്കാമെന്ന തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ ദയനീയ പരാജയത്തിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാറ്റത്തിന്റെ സൂചനയാണ് ബിഷപ്പിന്റെ വാക്കുകളെന്നും ക്രൈസ്തവ സഭകള്‍ക്ക് മോദി സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിച്ചുവെന്നും സുരേന്ദ്രന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇടത് – വലത് മുന്നണികള്‍ കേരളത്തില്‍ വോട്ടുബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത്.
റബ്ബര്‍ കര്‍ഷകരെ ഉപയോഗിച്ച് അധികാരം നേടിയ രണ്ട് മുന്നണികളും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇടത് പിന്തുണയോടെയുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നിന്ന് എട്ട് കേന്ദ്രമന്ത്രിമാരുണ്ടായിരുന്നു. അന്ന് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഒരു തരത്തിലും ഇടപെടാത്തവരാണ് രണ്ട് മുന്നണികളും. റബ്ബറിന് വില കൂട്ടുന്നതിന് ആവശ്യമായ നടപടികള്‍ മോദി സര്‍ക്കാരാണ് ഘട്ടംഘട്ടമായി സ്വീകരിച്ചുവരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും അത്താണിയായി മോദി സര്‍ക്കാര്‍ മാത്രമേയുള്ളുവെന്നതാണ് സത്യം. ബിജെപിക്ക് മാത്രമേ ഇനി കേരളത്തില്‍ വികസനവും പുരോഗതിയും നല്ല ഭരണവും കാഴ്ചവെക്കാന്‍ സാധിക്കുവെന്ന് ജനം തിരിച്ചറിയുകയാണ്. സംസ്ഥാനത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മോദി സര്‍ക്കാരിനൊപ്പം ജനങ്ങള്‍ അണിനിരക്കുക എന്നത് മാത്രമാണ് പോംവഴിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments