Kerala NewsLatest NewsNewsSports

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബ്ലാസ്റ്റേഴ്‌സ്

ഗോവ: ഒഡീഷ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇത് ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ അഞ്ചാം വിജയമാണ്. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളുടെയും പിറവി. നിഷു കുമാര്‍, ഹര്‍മന്‍ജോത് ഖബ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി വല കുലുക്കിയത്.

ആദ്യമിനിറ്റ് മുതല്‍ ആക്രമിച്ച് കളിക്കാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിച്ചത്. ആദ്യ പത്തുമിനിറ്റില്‍ കാര്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. നിരന്തരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ കേരള ബ്ലാസ്റ്റേഴ്സ് 28ാം മിനിറ്റിലാണ് ലക്ഷ്യം കണ്ടത്. പ്രതിരോധതാരം നിഷു കുമാറാണ് ആദ്യ ഗോള്‍ നേടിയത്. അഡ്രിയാന്‍ ലൂണയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. 40ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോളും എത്തി.

അഡ്രിയാന്‍ ലൂണയെടുത്ത മികച്ച ഫ്രീകിക്കിന് കൃത്യമായി തലവെച്ച ഖബ്ര അതിവിദഗ്ധമായി പന്ത് വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് ആക്രമണം അഴിച്ചുവിട്ടു. പലവട്ടം ബ്ലാസ്റ്റേഴ്സ് മുന്നേറ്റം പന്തുമായി ഒഡീഷന്‍ ഗോള്‍മുഖത്ത് എത്തി. അതേസമയം കൗണ്ടര്‍ അറ്റാക്കിലൂടെയും മറ്റുമായി ഒഡീഷ ബ്ലാസ്റ്റേഴ്സിനെ വിറപ്പിക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ മികവ് പുറത്തെടുത്തതോടെ ഒഡീഷ കുഴങ്ങി.

ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ എഫ്‌സിക്ക് 19ഉം മുംബൈ സിറ്റി എഫ്‌സിക്ക് 17 പോയിന്റുമാണ്. 10 മത്സരങ്ങളില്‍ നിന്നായി ഒഡീഷയ്ക്കെ 13 പോയിന്റാണുള്ളത്. എട്ടാം സ്ഥാനത്താണ് ഒഡീഷ. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായ 10 കളികളില്‍ പരാജയമറിയാതെ മുന്നേറിയിരിക്കുകയാണ്.

Related Articles

Back to top button