വ്യവസായിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി ചുരത്തില്‍ തള്ളി; രണ്ടുപേര്‍ പിടിയില്‍
NewsKeralaLocal NewsCrime

വ്യവസായിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി ചുരത്തില്‍ തള്ളി; രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം അട്ടപ്പാടി ചുരത്തില്‍ തള്ളി. തിരൂര്‍ സ്വദേശി സിദ്ധിഖ് (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഷിബിലി (22) ഫര്‍ഹാന (18) എന്നിവര്‍ പിടിയില്‍. കോഴിക്കോട് ഒളവണ്ണയിലുള്ള ഹോട്ടലുടമയാണ് സിദ്ധിഖ്. കഴിഞ്ഞ രണ്ടുദിവസമായി ഇയാളെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കൊലപാതകം നടന്നിരിക്കുന്നത് എരഞ്ഞിമാവിലെ ഹോട്ടലില്‍ വെച്ചാണെന്നാണ് വിവരം. പ്രതികളായ യുവാവും പെണ്‍കുട്ടിയും ഇയാളുടെ ജീവനക്കാരായിരുന്നു. ചെന്നൈയില്‍ വെച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. എരഞ്ഞിപ്പാലത്തുള്ള ഹോട്ടലില്‍ സിദ്ധിഖ് മുറിയെടുത്തിരുന്നു. ഇവിടെവെച്ചാണ് ഇയാള്‍ കൊല്ലപ്പെടുന്നത്. മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ കൊണ്ടുപോയി തള്ളിയ ശേഷം പ്രതികള്‍ ചെന്നൈയിലേക്ക് കടന്നതാണെന്നാണ് വിവരം. മൃതദേഹം കണ്ടെത്തുന്നതിനായി രാവിലെയോടെ ചുരത്തില്‍ പോലീസ് തിരച്ചില്‍ നടത്തും.

സിദ്ധിഖ് സാധാരണഗതിയില്‍ വീട്ടില്‍ നിന്ന് പോയാലും ഒരാഴ്ച കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരാറുണ്ടായിരുന്നു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫായതോടെയാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുന്നത്. പോലീസിന്റെ അന്വേഷണത്തില്‍ സിദ്ധിഖ് കൊല്ലപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തുകയായിരുന്നു. ഇയാളുടെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ ചെന്നൈയില്‍ നിന്ന് പിടിയിലാകുന്നത്. എന്തായിരുന്നു കൊലപാതകത്തിനുള്ള കാരണം എന്നകാര്യത്തില്‍ വ്യക്തമില്ല.

Related Articles

Post Your Comments

Back to top button