Kerala NewsLatest NewsNews

അമ്പരന്ന കേസില്‍ കത്തോലിക്ക സഭ ആശ്വാസതീരത്ത്

കോട്ടയം: കത്തോലിക്ക സഭയെയും വിശ്വാസികളേയും ഒരുപോലെ അമ്പരപ്പിച്ച കേസില്‍ ഇന്ന് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. കേസിനെയും അന്വേഷണങ്ങളെയും പരമാവധി പ്രതിരോധിക്കാന്‍ സഭയും ഫ്രാങ്കോ മുളയ്ക്കലും സഭയിലെ മറ്റ് ഉന്നതരും ശ്രമിച്ചിരുന്നു. ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യ കത്തോലിക്ക ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കല്‍.

വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും പരസ്പര ആരോപണ- പ്രത്യാരോപണങ്ങള്‍ക്കുമൊടുവില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപരാതിയില്‍ തെളിവുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ണായക വിധി പറഞ്ഞിരിക്കുന്നത്. ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനാകുമ്പോള്‍ മായ്ക്കപ്പെടുന്നത് കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ എഴുതിചേര്‍ക്കപ്പെട്ട ഒരു കറുത്ത ഏടുകൂടിയാണ്.

മറ്റ് ക്രൈസ്തവ സഭകള്‍ക്കിടയില്‍ തല ഉയര്‍ത്തി നിന്നിരുന്ന കത്തോലിക്ക സഭയുടെ വിശ്വാസ്യതയെയും നിലപാടുകളെയും ചോദ്യം ചെയ്യുന്നതായിരുന്നു ഫ്രാങ്കോയ്ക്കെതിരായ പീഡന പരാതി. വിശ്വാസി സമൂഹത്തിന് മുന്നില്‍ നാണക്കേടുകൊണ്ട് ലജ്ജിച്ച് തല താഴ്ത്തേണ്ട അവസ്ഥയില്‍ വരെ എത്തി കാര്യങ്ങള്‍. മാത്രമല്ല സഭയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു കേസായും ചരിത്രം അതിനെ രേഖപ്പെടുത്തി.

ആദരവോടെ കണ്ടിരുന്ന സമുന്നതനായ ആത്മീയ നേതാവായ ബിഷപ്പിനെതിരെ ഒരു കന്യാസ്ത്രീ ലൈംഗിക പീഡന പരാതിയുമായി രംഗത്ത് വരികയും പരാതിക്കാരിയെ പിന്തുണച്ച് കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്ത് വന്നതുമൊക്കെ സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു. ബിഷപ്പ് പോലെ ഉന്നത പദവിയിലിക്കുന്ന ഒരു ആത്മീയനേതാവിനെതിരെ ലൈംഗീകപീഡന പരാതി ഉയരുന്നതോടെയാണ് കേസ് മാധ്യമങ്ങളുടെ ശ്രദ്ധയില്‍ വരുന്നത്.

കേസില്‍ പരോക്ഷമായി ഫ്രാങ്കോയെ അനുകൂലിക്കുന്ന നിലപാടാണ് സഭയിലെ ഉന്നതപദവിയില്‍ വിരാജിക്കുന്ന പലരും സ്വീകരിച്ചു പോന്നത്. ചുമതലകളില്‍ നിന്ന് താത്കാലികമായി മാറ്റി നിര്‍ത്തി എന്നതൊഴിച്ചാല്‍ കാര്യമായ നടപടികളൊന്നും ഫ്രാങ്കോയ്ക്കെതിരെ സഭ സ്വീകരിച്ചിരുന്നില്ല.

വിചാരണ നടക്കുന്ന വേളയില്‍ 2021ല്‍ പുറത്തിറക്കിയ കാത്തോലിക്ക സഭയുടെ കലണ്ടറില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രവും ജന്മദിനവും പ്രാധാന്യത്തോടെ നല്‍കിയിരുന്നത് സഭയുടെ നിലപാടായി ചിത്രീകരിക്കപ്പെട്ടു. തൃശൂര്‍ അതിരൂപത അച്ചടിച്ച പുതുവര്‍ഷ കലണ്ടറിലാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രവും ജന്മദിനവും പ്രാധാന്യത്തോടെ നല്‍കിയിരുന്നത്. ഫ്രാങ്കോയുടെ ചിത്രം ഉള്‍പ്പെടുത്തിയ കലണ്ടര്‍ സമൂഹമാധ്യമങ്ങളിലും മറ്റം വൈറലായെങ്കിലും ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്ന നിലപാടിലായിരുന്നു കത്തോലിക്ക സഭ.

Related Articles

Back to top button