ഫെയ്സ്ബുക് ഡാറ്റ ചോർച്ച, സിബിഐ കേംബ്രിജ് അനലിറ്റയ്ക്കെതിരെ കേസെടുത്തു.

ന്യൂഡൽഹി / ഇന്ത്യയിലെ ഫെയ്സ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങൾ അനധികൃതമായി ചോർത്തിയെന്ന് ആരോപണത്തിന്മേൽ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊളിറ്റിക്കൽ അനലിറ്റിക്സ് കമ്പനിയായ കേംബ്രിജ് അനലിറ്റക്കയ്ക്കെതിരെ സിബിഐ കേസെടുത്തു. ഇന്ത്യയിലെ 5.6 ലക്ഷത്തോളം വരുന്ന ഫെയ്സ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങൾ അനധികൃതമായി ചോർത്തിയെന്ന ആരോപണത്തിലാണ് കേസ്. കേംബ്രിജ് അനലിറ്റക്കക്ക് പുറമേ ഗ്ലോബൽ സയൻസ് റിസർച്ച് എന്ന കമ്പനിക്കെതിരെയും സമാന സംഭവത്തിൽ സിബിഐ കേസെടുത്തിട്ടുണ്ട്.
50 ദശലക്ഷത്തോളം വരുന്ന ആളുകളുടെ സ്വകാര്യവിവിരങ്ങൾ അവരുടെ സമ്മതമില്ലാതെ കൈക്കലാക്കി എന്ന ഞെട്ടിപ്പിക്കുന്ന വിവരം 2018 മാർച്ചിലാണ് പുറത്തുവരുന്നത്. മുൻ കേംബ്രിജ് അനലറ്റിക ഉദ്യോഗസ്ഥർക്കും അവർ ശേഖരിച്ച രേഖകൾക്കുമെതിരെ രാജ്യാന്തര തലത്തിലുള്ള വിവിധ മാധ്യമങ്ങൾ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിൽ സിബിഐ അന്വഷണം ഉണ്ടാകുമെന്ന് 2018ൽ അന്നത്തെ കേന്ദ്ര ഐടി മന്ത്രിയായ രവിശങ്കർ പ്രസാദ് പാർലമെന്റിൽ അറിയിച്ചിരുന്നതാണ്. കേംബ്രിജ് അനലിറ്റിക്കയും ഗ്ലോബൽ സയൻസ് റിസർച്ചും ഗുരുതരമായ കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സിബിഐയുടെ പ്രഥാമിക അന്വേഷണത്തിൽ തുടർന്ന് കണ്ടെത്തുന്നത്. ഇതേ തുടർന്നാണ് ക്രിമിനൽ ഗൂഢാലോചന, സൈബർ കുറ്റകൃത്യം എന്നിവ ചുമത്തി രണ്ടു കമ്പനികൾക്കെതിരെയും സി ബി ഐ കേസെടുത്തിരിക്കുന്നത്.
ഗ്ലോബൽ സയൻസ് റിസർച്ച് അനധികൃതമായി ഇന്ത്യയിലെ 5.62 ലക്ഷം പേരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ചെന്നും അത് കേംബ്രിജ് അനലിറ്റിക്കയ്ക്ക് കൈമാറിയെന്നുമാണ് സിബിഐയുടെ ചോദ്യത്തിന് ഫേസ് ബുക്ക് മറുപടി നൽകിയിരുന്നത്. ശേഖരിക്കപ്പെട്ട വിവരങ്ങൾ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം ഉണ്ടായത്.
ഗ്ലോബൽ സയൻസ് റിസർച്ചിന്റെ സ്ഥാപകനും ഡയറക്ടറുമായ ഡോ. അലക്സാണ്ടർ കോഗനാണ് ‘ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ്’ എന്ന ആപ് സ്ഥാപിച്ചത്. ഫെയ്സ്ബുക്കിന്റെ നയമനുസരിച്ച് അക്കാദമിക്, ഗവേഷണ ആവശ്യങ്ങൾക്കായി ഉപഭോക്താവിന്റെ ഡാറ്റ ശേഖരിക്കാൻ ഈ ആപ്ലിക്കേഷന് അധികാരം നൽകിയിരുന്നതാണ്. അതേസമയം, ഇതിനു പുറമേ ചില വിവരങ്ങൾ കൂടി അനധികൃതമായി ഇവർ കൈക്കലാക്കുകയായിരുന്നു എന്നാണ് സിബിഐ കണ്ടെത്തുന്നത്. ഉപഭോക്താവിന്റെ ലൊക്കേഷൻ വിവരങ്ങൾ, ഏതൊക്കെ പേജാണ് ലൈക്ക് ചെയ്തിട്ടുള്ളത്, സ്വകാര്യ ചാറ്റുകളിലെ വിശദാംശങ്ങൾ എന്നിവ ഉപഭോക്താവിന്റെ സമ്മതമോ അറിവോ ഇല്ലാതെ സി ബി ഐ കേസെടുത്തിരിക്കുന്ന കമ്പനികൾ ശേഖരിക്കുകയായിരുന്നു.