ക്യാപ്റ്റനെ കാണാന്‍ മുഖ്യനെത്തി; കോണ്‍ഗ്രസ് അങ്കലാപ്പില്‍
ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദറിനെ സന്ദര്‍ശിച്ചു. ചന്നി കുടുംബസമേതമാണ് അമരീന്ദറിനെ സന്ദര്‍ശിക്കാന്‍ എത്തിയത്. ചന്നി ക്യാപ്റ്റനെ കാണനെത്തിയതോടെ പഞ്ചാബ് കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ പുതിയൊരു തലത്തിലേക്ക് നീങ്ങുകയാണെന്ന സൂചനകളാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ചന്നി മന്ത്രിസഭയില്‍ തന്റെ നോമിനികളെ ഉള്‍പ്പെടുത്തിയില്ലെന്നാരോപിച്ച് പഞ്ചാബ് പിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച സിദ്ദുവിനെ ആ സ്ഥാനത്ത് തുടരാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സിദ്ദുവിന്റെ പിടിവാശിക്കുമുന്നില്‍ ക്യാപ്റ്റനെ അപമാനിച്ച് പുറത്താക്കിയ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടുകളെ അതിരൂക്ഷമായ വിമര്‍ശനങ്ങളുമായാണ് ക്യാപ്റ്റന്‍ നേരിട്ടത്. ഹൈക്കമാന്‍ഡുമായും സിദ്ദുവുമായും യാതൊരു വിട്ടുവീഴ്ചയ്ക്കും താനില്ലെന്നു പറയുന്ന ക്യാപ്റ്റന്‍ അമരീന്ദറിനെ ചന്നി സന്ദര്‍ശിച്ച സമയം കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
സിദ്ദുവിന്റെ നോമിനിയായാണ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാവുന്നത്. എന്നാല്‍ സിദ്ദുവിന്റെ നിര്‍ദേശങ്ങളെല്ലാം നിഷ്‌കരുണം തള്ളുകയാണ് ചന്നി ആദ്യം ചെയ്തത്. സിദ്ദു തന്നെ പിസിസി പ്രസിഡന്റായി തുടരുമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കുമ്പോളാണ് ചന്നി സകുടുംബം ഇരുവരുടെയും കടുത്ത വിമര്‍ശകനായ ക്യാപ്റ്റനെ സന്ദര്‍ശിക്കുന്നതും. താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ക്യാപ്റ്റന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
സിദ്ദു വീണ്ടും പിസിസി അധ്യക്ഷ സ്ഥാനത്തുവന്നാല്‍ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് ഉപദേശം തേടാനാണ് ചന്നി ക്യാപ്റ്റനെ സന്ദര്‍ശിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ചന്നി ഹൈക്കമാന്‍ഡിനെതിരെ നീങ്ങിയാല്‍ ആകെ ഉലഞ്ഞുനില്‍ക്കുന്ന പഞ്ചാബില്‍ ഇനിയൊരിക്കലും തദ്ദേശ തിരഞ്ഞെടുപ്പ് പോലും വിജയിക്കാമെന്ന് കോണ്‍ഗ്രസിന് സ്വപ്‌നം കാണാന്‍ കഴിയില്ല. ഇതോടെ സിദ്ദുവും ഹൈക്കമാന്‍ഡും വിഷമവൃത്തത്തിലായിരിക്കുകയാണ്.