വിസി നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു: ഗവര്‍ണര്‍
KeralaNews

വിസി നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു: ഗവര്‍ണര്‍

തിരുവനന്തപുരം: കണ്ണൂര്‍ വൈസ് ചാന്‍സിലറുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി നേരിട്ട് ഇടപെട്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി അയച്ച കത്തുകള്‍ അദ്ദേഹം പുറത്തുവിട്ടു. വിസിയുടെ പുനര്‍നിയമനം ആവശ്യപ്പെട്ട് 2021 ഡിസംബര്‍ എട്ടിനാണ് മുഖ്യമന്ത്രി ആദ്യമായി കത്ത് അയച്ചതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി ശിപാര്‍ശ നടത്തി. ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ടുള്ള രണ്ടാമത്തെ കത്ത് ലഭിച്ചത് ഡിസംബര്‍ 16 നാണെന്നും സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് കാണിച്ച് ജനുവരി 16 ന് അവസാന കത്ത് ലഭിച്ചെന്ന് ഗവര്‍ണര്‍ പറഞ്ഞു.

വിസി നിയമനത്തില്‍ വെയിറ്റേജ് നല്‍കാമെന്നായിരുന്നു താന്‍ പറഞ്ഞിരുന്നതെന്നും മുഖ്യമന്ത്രി നിര്‍ബന്ധിച്ചതോടെ അദ്ദേഹത്തിന്റെ വാക്കിന് വില നല്‍കുകയായിരുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമനം നിയമവിധേയമല്ലെന്ന് താന്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ ആവശ്യപ്പെടാതെ തന്നെ അഡ്വക്കേറ്റ് ജനറലിന്റേതുള്‍പ്പെടെയുള്ള നിയമോപദേശം തനിക്ക് ലഭിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിയമനത്തിന്റെ നടപടി ക്രമങ്ങള്‍ ഒഴിവാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമ്മര്‍ദം കൂടിയതോടെയാണ് സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

ചരിത്ര കോണ്‍ഗ്രസില്‍ തന്റെ സുരക്ഷയ്ക്കായെത്തി പോലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു. രാജ്ഭവന്‍ ചിത്രീകരിച്ച വീഡിയോ അല്ല പുറത്തുവിടുന്നതെന്നും സര്‍ക്കാറും മീഡിയകളും ചിത്രീകരിച്ച വീഡിയോയാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര കോണ്‍ഗ്രസില്‍ നടന്നത് സ്വമേധയാ കേസെടുക്കേണ്ട സംഭവമാണ്. ഐപിസി പ്രകാരം ശിക്ഷിക്കപ്പെടണം. ഗവര്‍ണറെ തടഞ്ഞാല്‍ ഏഴ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കേസെടുക്കുന്നതില്‍ നിന്ന് പോലീസിനെ അന്ന് തടഞ്ഞത് ഇന്ന് സര്‍ക്കാറിലുള്ള ഉന്നതനാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

Related Articles

Post Your Comments

Back to top button