കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ മുന്നൊരുക്കത്തില്‍ വലഞ്ഞ് നഗരം
KeralaNews

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ മുന്നൊരുക്കത്തില്‍ വലഞ്ഞ് നഗരം

കൊച്ചി: മെട്രോ രണ്ടാംഘട്ട നിര്‍മാണത്തിന്റെ മുന്നൊരുക്കത്തില്‍ വലഞ്ഞ് കൊച്ചി നഗരം. രണ്ടാംഘട്ട നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെ ഇന്‍ഫോപാര്‍ക്ക്, കാക്കനാട് മേഖലയില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. സാമ്പത്തിക പ്രതിസന്ധിയാണ് മെട്രോ നിര്‍മാണം ഇഴയുന്നതിന് പിന്നില്‍. പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മാണം തുടങ്ങുന്നതിന് മുമ്പ് സമാന്തര റോഡുകള്‍, പാലം വീതി കൂട്ടല്‍, ടാറിടല്‍ തുടങ്ങി മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമായിരുന്നു.

എന്നാല്‍ രണ്ടാംഘട്ടം ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന അവസ്ഥയാണുള്ളത്. രണ്ടാംഘട്ടത്തില്‍ 11.2 കിലോ മീറ്റര്‍ ദൂരമാണ് ഉള്ളത്. അതിന്റെ നിര്‍മാണത്തിനായി റോഡ് വീതി കൂട്ടലും കാന പുനര്‍നിര്‍മാണവുമെല്ലാം മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചതാണ്. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിയില്‍ നിലക്കുകയായിരുന്നു. സ്ഥലം ഏറ്റെടുപ്പിനായി ഫണ്ടില്ലാത്തതാണ് പാതിയില്‍ നിലക്കുവാനുള്ള പ്രശ്‌നം.

കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയാണ് മെട്രോ രണ്ടാംഘട്ടം. കലൂര്‍ കഴിഞ്ഞ് പാലാരിവട്ടം പിന്നിടുമ്പോഴേ ഗതാഗത കുരുക്ക് ആരംഭിക്കും. നാട്ടില്‍ നിന്ന് ജീവനക്കാര്‍ ഇന്‍ഫോപാര്‍ക്കിലേക്ക് വരികയും മടങ്ങുകയും ചെയ്യുന്ന തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ആണ് നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുന്നത്.

രണ്ടാംഘട്ട നിര്‍മാണത്തിന് പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റിനെ കണ്ടെത്താനുള്ള ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്. സാമ്പത്തിക പ്രതിസന്ധിയില്ല്‌ലെന്നും കണ്‍സള്‍ട്ടന്റിനെ കണ്ടെത്തി നിര്‍മാണം അടുത്തവര്‍ഷം ആദ്യം തുടങ്ങുമെന്നും കെഎംആര്‍എല്‍. ഇപ്പോള്‍ ഇങ്ങിനെയെങ്കില്‍ മെട്രോ നിര്‍മാണം തുടങ്ങിയാല്‍ ഗതാഗത കുരുക്ക് എവിടെ ചെന്ന് നില്‍ക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

Related Articles

Post Your Comments

Back to top button