മീഡിയ പാര്‍ട്ടിന്റെ വെളിപ്പെടുത്തലില്‍ വെട്ടിലാവുന്നത് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനക്കരാറിലെ അഴിമതി സംബന്ധിച്ച് ഫ്രാ്ന്‍സിലെ മീഡിയ പാര്‍ട്ട് എന്ന പോര്‍ട്ടല്‍ വെളിച്ചത്തുകൊണ്ടുവന്ന അഴിമതി വെട്ടിലാക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെ. കരാര്‍ നേടിയെടുക്കാനായി ഫ്രഞ്ച് കമ്പനിയായ ദസൊ ഏവിയേഷന്‍ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തയ്ക്ക് 65 കോടി രൂപ നല്‍കിയെന്നാണ് മീഡിയ പാര്‍ട്ട് വെളിപ്പെടുത്തിയിരിക്കുന്നത്. ഐടി സേവന കരാറുകളുടെ മറവില്‍ വിദേശത്തെ കടലാസു കമ്പനികളിലൂടെ 2007 മുതല്‍ 2012 വരെയാണ് ഇത്രയും തുക കൈമാറിയത്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് നടന്ന ഈ സംഭവം റഫാല്‍ രാഷ്ട്രീയ ആയുധമാക്കിയ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ 2018ല്‍ ഇതേക്കുറിച്ച് തെളിവു ലഭിച്ചിട്ടും സിബിഐ അന്വേഷിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്രസര്‍ക്കാരോ അന്വേഷണ ഏജന്‍സിയോ വാര്‍ത്തയോടു പ്രതികരിച്ചിട്ടില്ല. അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാട് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി സിബിഐക്കു കിട്ടിയ രേഖകളിലാണ് കൈക്കൂലിയുടെ വിവരമുണ്ടായിരുന്നത്.
2010ലാണ് അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ഇടപാട് നടന്നത്. അതില്‍ മൗറീഷ്യസ് ആസ്ഥാനമായുള്ള കടലാസ് കമ്പനിയായ ഇന്റര്‍സ്റ്റെല്ലാര്‍ ടെക്‌നോളജീസ് ലിമിറ്റഡിന്റെയും അതുപോലുള്ള മറ്റ് ഒട്ടേറെ സ്ഥാപനങ്ങളുടെയും മറവില്‍ സുഷേന്‍ ഗുപ്ത കമ്മിഷന്‍ പറ്റിയതായി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആരോപിച്ചിരുന്നു. 2019 മാര്‍ച്ചില്‍ ഇയാളെ ഇഡി അറസ്റ്റ് ചെയ്തു. ഗുപ്തയും മറ്റൊരു പ്രതിയായ ഗൗതം ഖൈതാനും ചേര്‍ന്നാണ് ഇന്റര്‍സ്റ്റെല്ലാര്‍ ടെക്‌നോളജീസ് നിയന്ത്രിച്ചിരുന്നതെന്ന് അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് കേസില്‍ ആരോപണവിധേയനായ രാജീവ് സക്സേന വെളിപ്പെടുത്തിയിരുന്നു.
മൗറീഷ്യസിലെ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് 2018 ഒക്ടോബര്‍ 11ന് സിബിഐ ഡയറക്ടര്‍ക്ക് കൈമാറിയ ഇന്റര്‍സ്റ്റെല്ലാര്‍ ടെക്നോളജീസ് കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ റഫാല്‍ ഇടപാടും പരാമര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷന്‍ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്ത 65 കോടി കൈക്കൂലി കൈപ്പറ്റിയെന്ന വാര്‍ത്തനല്‍കിയ ഫ്രഞ്ച് അന്വേഷണ പോര്‍ട്ടല്‍ മീഡിയ പാര്‍ട്ടിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യവും പരാമര്‍ശിക്കുന്നത്. ഇതിന് ഒരാഴ്ചമുമ്പ് ഒക്ടോബര്‍ നാലിനാണ് റഫാല്‍ ഇടപാടില്‍ അഴിമതിയാരോപിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി എന്നിവര്‍ സിബിഐക്ക് പരാതിനല്‍കിയത്.
കമ്മിഷന്‍ നല്‍കിയെന്ന രേഖകള്‍ പരാതികിട്ടി ഒരാഴ്ചയ്ക്കകം ലഭിച്ചിട്ടും തുടരന്വേഷണം വേണ്ടെന്നാണ് സിബിഐ തീരുമാനിച്ചതെന്നും മീഡിയ പാര്‍ട്ട് പറയുന്നു. മന്‍മോഹന്‍ സിംഗിന്റെ ഭരണകാലത്ത് നടന്ന മറ്റൊരു അഴിമതിക്കഥ കൂടി പുറത്തുവരുന്നത് ഫലത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതികളുടെ കണക്കില്‍ റഫാല്‍ കൂടി വരുന്നതോടെ പ്രതിരോധിക്കാന്‍ ആവാതെ പടുകുഴിയിലേക്ക് പാര്‍ട്ടി വീഴുമെന്നകാര്യത്തില്‍ സംശയമില്ല.