ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കോണ്‍ഗ്രസുകാര്‍ കീഴടങ്ങി
കൊച്ചി: സിനിമാനടന്‍ ജോജു ജോര്‍ജിന്റെ വാഹനം അടിച്ചുതകര്‍ത്ത കേസില്‍ കൊച്ചി മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മിണി കീഴടങ്ങി. ടോണി ചമ്മിണി, യൂത്ത് കോണ്‍ഗ്രസ് നേതാവ് സി.ഐ. ഷാജഹാന്‍ തുടങ്ങി അഞ്ച് നേതാക്കളാണ് മരട് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ പ്രമുഖ നേതാക്കളോടൊപ്പം പ്രകടനമായി എത്തിയാണ് പ്രതികള്‍ പോലീസിന് മുന്നില്‍ ഹാജരായത്.
ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിന്റെ കോലം കത്തിച്ചു. അതേസമയം തനിക്കെതിരെ വ്യാജ പരാതിയിലാണ് പോലീസ് കേസെടുത്തതെന്ന് ടോണി ചമ്മിണി പ്രതികരിച്ചു. നിയമപരമായും രാഷ്ട്രീയപരമായും നേരിടും. സമരത്തെ അലങ്കോലപ്പെടുത്താന്‍ ജോജു ശ്രമിച്ചെന്നും ഇതില്‍ പ്രകോപിതരായാണ് പ്രവര്‍ത്തകര്‍ പ്രതികരിച്ചതെന്നും ടോണി ചമ്മിണി പറഞ്ഞു.
കേസില്‍ നേരത്തെ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജോജുവിന്റെ കാറിന്റെ ചില്ലാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. പോലീസ് എഫ്‌ഐആര്‍ പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് കാറിനുണ്ടാക്കിയിരിക്കുന്നത്. ജോജു ജോര്‍ജ് സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ഗതാഗതക്കുരുക്ക് കണ്ട ശേഷം ആരുടെ സമരം എന്ന് ചോദിച്ച ശേഷമാണ് ജോജു പുറത്തിറങ്ങിയത്. കോണ്‍ഗ്രസിന്റെ സമരമായതിനാലാണ് ജോജു പ്രതികരിച്ചത്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും സിപിഎമ്മും ചേര്‍ന്നാണ് കേസിലെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ അട്ടിമറിച്ചതെന്നും ടോണി ചമ്മിണി ആരോപിച്ചു.