കോര്‍പ്പറേഷന്‍ 'വന്ധ്യംകരിച്ച' തെരുവുനായ പ്രസവിച്ചു; ആറു കുഞ്ഞുങ്ങള്‍
NewsKeralaLocal News

കോര്‍പ്പറേഷന്‍ ‘വന്ധ്യംകരിച്ച’ തെരുവുനായ പ്രസവിച്ചു; ആറു കുഞ്ഞുങ്ങള്‍

കൊല്ലം: കൊല്ലം കോര്‍പ്പറേഷന്റെ തെരുവുനായ വന്ധ്യംകരണ പദ്ധതിയില്‍ പാളിച്ച. മാസങ്ങള്‍ക്കുമുമ്പ് ‘വന്ധ്യംകരിച്ച’ നായ പോളയത്തോട് വ്യാപാരസമുച്ചയത്തിന് സമീപം ആറു കുഞ്ഞുങ്ങളെ പ്രസവിച്ചു. മാര്‍ച്ചിലാണ് കൊല്ലം കോര്‍പ്പറേഷന്‍ തെരുവുനായ വന്ധ്യംകരണപദ്ധതി ഊര്‍ജിതമാക്കിയത്. കോര്‍പ്പറേഷന്‍ മാര്‍ച്ചില്‍ ധൃതിപ്പെട്ടാണ് വന്ധ്യംകരണപദ്ധതി നടപ്പാക്കിയതെന്നും വന്ധ്യംകരണത്തിന് കൃത്യമായ മേല്‍നോട്ടമുണ്ടായില്ലെന്നും ആരോപണമുയരുന്നു.

സംഭവം സംബന്ധിച്ച് കോര്‍പ്പറേഷന്‍ അധികൃതര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വ്യാപാരസമുച്ചയത്തിനുസമീപം വര്‍ഷങ്ങളായി കഴിയുന്ന നായ എല്ലാവരോടും നല്ല ഇണക്കത്തിലായിരുന്നു. വന്ധ്യംകരണപദ്ധതിക്കായി ഡോഗ് ഹാന്‍ഡ്‌ലര്‍മാരെയും ഡോക്ടര്‍മാരെയും നിയോഗിക്കുകയും ചെയ്തിരന്നു. അഞ്ചാലുംമൂട് മൃഗാശുപത്രിയിലാണ് വന്ധ്യംകരണം നടന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ച നായകളെ ഇവിടെവെച്ച് വന്ധ്യംകരിച്ചിരുന്നു. പോളയത്തോട്ടില്‍നിന്നുള്ള നായയെയും കൂട്ടത്തില്‍ കൊണ്ടുപോവുകയും ദിവസങ്ങള്‍ക്കുശേഷം തിരികെ കൊണ്ടുവിടുകയും ചെയ്തു. ശസ്ത്രക്രിയ നടത്തിയത് തിരിച്ചറിയാന്‍ ചെവിയില്‍ അടയാളപ്പെടുത്തലും ഉണ്ടായിരുന്നു.

ഇടയ്ക്ക് വയറിലെ മുറിവുമൂലം അവശനിലയില്‍ കഴിഞ്ഞ നായയ്ക്ക് നാട്ടുകാര്‍ ചികിത്സ നല്‍കുകയും ചെയ്തിരുന്നു. സുഖംപ്രാപിച്ചശേഷം നായ പോളയത്തോട്ടിലും പരിസരത്തും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഭക്ഷണം നല്‍കാനെത്തിയവരാണ് നായ പ്രസവിച്ചുകിടക്കുന്നതു കണ്ടത്. അമ്മയും കുഞ്ഞുങ്ങളും പൂര്‍ണ്ണ ആരോഗ്യത്തോടെ സുഖമായി ഇരിക്കുന്നു. വന്ധ്യംകരിക്കാതെയാണ് നായയെ തിരികെക്കൊണ്ടുവിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. വന്ധ്യംകരണപദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അറിയിച്ചു.

Related Articles

Post Your Comments

Back to top button