ലൈഫ് മിഷന്‍ പദ്ധതിയുടെ പുതിയ ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയം ഓഗസ്റ്റ് 27 വരെ നീട്ടി.

ലൈഫ് മിഷന്‍ പദ്ധതിയുടെ പുതിയ ലിസ്റ്റില്‍ പരിഗണിക്കുന്നതിനായി പേര് ചേര്‍ക്കുന്നതിനുള്ള സമയം ഓഗസ്റ്റ് 27 വരെ നീട്ടി. പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് ഓഗസ്റ്റ് 14 വരെയായിരുന്നു സമയം നിശ്ചയിച്ചിരുന്നത്. കൊവിഡിന്റെ സാഹചര്യത്തില്‍ പല സ്ഥലങ്ങളും കണ്ടെയിന്‍മെന്റ് ആയിട്ടുള്ളതിനാലും മഴക്കെടുതിമൂലവും ആണ് അപേക്ഷ നൽകുന്നതിനുള്ള തിയതി ഓഗസ്റ്റ് 27 വരെയായി നീട്ടിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുള്ളത്. www.life2020.kerala.gov.in/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
അക്ഷയ കേന്ദ്രങ്ങള്‍ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്‌ക് വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ഭവനരഹിതര്‍ക്കും ഭൂരഹിതര്‍ക്കുമാണ് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരം ഉണ്ടാവുക. പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. 2020 ജൂലൈ ഒന്നിനു മുന്‍പ് റേഷന്‍ കാര്‍ഡ് ഉള്ളതും കാര്‍ഡില്‍ പേരുള്ള ഭവനം ഇല്ലാത്തവരുമായ ഭൂമിയുള്ള ഭവനരഹിതര്‍, ഭൂരഹിത ഭവനരഹിതര്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. നിബന്ധനകളും മാനദണ്ഡങ്ങളും മാര്‍ഗരേഖയില്‍ വിശദമാക്കിയിട്ടുണ്ട്.