Latest NewsNationalNewsPolitics

68 ലക്ഷത്തിന്റെ പദ്ധതിക്ക് 23 കോടിയുടെ പരസ്യം നല്‍കി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: 68 ലക്ഷം രൂപയുടെ പദ്ധതിക്കായി 23 കോടി രൂപയുടെ പരസ്യം നല്‍കി ആം ആദ്മി പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഡല്‍ഹി സര്‍ക്കാര്‍. അഴിമതി വിരുദ്ധത ആപ്തവാക്യമാക്കിയ അരവിന്ദ് കേജരിവാള്‍ കച്ചി നിര്‍മാജനത്തിനുള്ള പദ്ധതിക്കാണ് 23 കോടി രൂപയുടെ പരസ്യം നല്‍കിയത്. കച്ചി കത്തിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്ന പശ്ചാത്തലത്തിലാണ് ഇത് ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്ത് നടപ്പാക്കിയത്.

കച്ചി സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി ആകെ 68 ലക്ഷം രൂപയാണ് ചിലവായത്. എന്നാല്‍ ഈ പദ്ധതിയെക്കുറിച്ച് പരസ്യം ചെയ്യുന്നതിനായി കേജരിവാള്‍ സര്‍ക്കാര്‍ 23 കോടി രൂപ ചിലവഴിച്ചു എന്ന് ന്യൂസ് ലോണ്ട്‌റി എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. പദ്ധതിയുടെ എത്രയോ മടങ്ങ് തുക പരസ്യത്തിന് ചിലവാക്കിയതിന്റെ വിശദാംശങ്ങളും ന്യൂസ് ലോണ്ട്‌റി പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത രീതിയില്‍ കച്ചി സംസ്‌കരിക്കാന്‍ ബയോ ഡീകംപോസര്‍ വികസിപ്പിച്ചത്.

39 ഗ്രാമങ്ങളിലെ ആയിരത്തോളം കര്‍ഷകര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും എന്നായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടിയത്. നാലായിരം ഏക്കര്‍ കൃഷിഭൂമി പദ്ധതിക്ക് കവര്‍ ചെയ്യാനായെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2020- 21 കാലയളവില്‍ പദ്ധതിയെക്കുറിച്ച് പരസ്യം ചെയ്യാനും പിആര്‍ വര്‍ക്കുകള്‍ക്കുമായി ഏഴ് കോടി സര്‍ക്കാര്‍ ചിലവാക്കിയെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. തൊട്ടടുത്ത വര്‍ഷം അതായത് 2021- 22 കാലയളവില്‍ പദ്ധതിയുടെ നേട്ടങ്ങള്‍ പരസ്യപ്പെടുത്താന്‍ 16 കോടിയും ഡല്‍ഹി സര്‍ക്കാര്‍ ചിലവഴിച്ചുവെന്ന കണക്കുകള്‍ ന്യൂസ് ലോണ്ട്‌റി പുറത്തുവിട്ടു.

Related Articles

Back to top button