കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു
NewsNationalPolitics

കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. 2014ല്‍ ഭരണം നഷ്ടപ്പെട്ടശേഷം അനുദിനമെന്നോണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത്. സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെ നെഹ്‌റു കുടുംബം പുച്ഛിച്ച് തള്ളി. ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് പ്രമുഖ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ആദ്യം പഞ്ചാബില്‍ സുനില്‍ ഝാക്കര്‍, പിന്നെ ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേല്‍, ഇപ്പോള്‍ കബില്‍ സിബലും.

2014 മുതല്‍ 65 ഉന്നത നേതാക്കളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയത്. ലോക്‌സഭയില്‍ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയിലേക്കെത്താന്‍ പോലും ഇപ്പോള്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. 2014ലും 2019ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ ലോക്‌സഭയിലെ ആകെ സീറ്റുകളുടെ 10 ശതമാനം പോലും കോണ്‍ഗ്രസ് വിജയിച്ചിട്ടില്ല. ചിന്തന്‍ ശിബിരം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് മൂന്ന് പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ട് പ്രകാരം 2014- 21 കാലഘട്ടത്തില്‍ 222 ഇലക്ട്രല്‍ സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നു.

ജ്യോതിരാദിത്യ സിന്ധ്യ, ഹിമന്ത ബിശ്വ ശര്‍മ, ബിരേന്‍ സിംഗ്, പെമ ഖണ്ഡു, അജിത് ജോഗി, പി.സി. ചാക്കോ, അമരീന്ദര്‍ സിംഗ്, ലൂയിസിഞ്ഞോ ഫലേരിയോ, സുസ്മിത ദേവ്, ലളിതേഷ് ത്രിപാഠി, അഭിജിത് മുഖര്‍ജി, അദിതി സിംഗ്, രവി എസ്. നായിക്, കിഷോര്‍ ഉപാധ്യായ, അശ്വിനി കുമാര്‍, ജിതിന്‍ പ്രസാദ്, ഖുശ്ബു സുന്ദര്‍, അബ്ദുള്ളക്കുട്ടി തുടങ്ങി നിരവധി നേതാക്കളാണ് കോണ്‍ഗ്രസ് വിട്ടത്. ഇപ്പോള്‍ കെ.വി. തോമസും പാര്‍ട്ടി വിട്ട അവസ്ഥയിലാണ്. അധികം വൈകാതെ കുറച്ചുപേര്‍ കൂടി പാര്‍ട്ടി വിടാനൊരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Related Articles

Post Your Comments

Back to top button